
കോഴിക്കോട് : ആരോഗ്യമേഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള സമരങ്ങളാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി. പി. രാമകൃഷ്ണന്‍.കോട്ടയത്തെ അപകടം ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. മരിച്ച ബിന്ദുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും.അതിനെ ചൊല്ലി അക്രമസമരങ്ങൾ ഇന്ന് കേരളത്തിൽ അരങ്ങേറുന്നു. ഇതൊക്കെ ഗുഢമായ നീക്കങ്ങളാണ്. യുഡിഎഫ് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചില മാധ്യമങ്ങള്‍ കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് തെറ്റായി പ്രചരിപ്പിക്കുന്നു. കേരളത്തിലെ ആരോഗ്യ മേഖലയുടെ വളര്‍ച്ചയെന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളുടെ വളര്‍ച്ച മാത്രമല്ല, സ്വകാര്യ ആശുപത്രികളും വലിയ പങ്ക് വഹിക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടുന്നതില്‍ തെറ്റില്ലെന്നും ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ജയകുമാറിന് എതിരായ വിമര്‍ശനം സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഒരുപാട് ആളുകള്‍ കേരളത്തിലുണ്ട്. പ്രതിപക്ഷ സമരം ജനങ്ങൾക്കെതിരാണ്. ജനങ്ങളുടെ സംരക്ഷണത്തിന് എൽഡിഎഫ് മുന്നിട്ടിറങ്ങും.
ആരോഗ്യ രംഗത്തെ വികസിപ്പിക്കാൻ ഈ സർക്കാരിന് സാധിച്ചിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്താനും സൗജന്യമായി ചികിത്സയും മരുന്നും പിഎച്ച്സി വഴി ലഭ്യമാക്കാനും നമുക്കായി. ആരോഗ്യ മന്ത്രി മന്ത്രി വീണാ ജോർജിനെ ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നത്. ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങുമെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.