കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെതിരെ വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന അവസരത്തിലാണ് പ്രതിഷേധം ഉണ്ടായത്.(Protest over shifting of Palayam Market turns into Massive clash)
മാർക്കറ്റ് മാറ്റുന്നതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. മാർക്കറ്റ് മാറ്റുന്നതിനെ എതിർക്കുന്ന ഒരു വിഭാഗം വ്യാപാരികൾ പ്രതിഷേധം നടത്തുകയായിരുന്നു. ഇതിനിടെ, കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിക്കുന്നവർ പ്രകടനമായി എത്തി. ഇവരെ പ്രതിഷേധക്കാർ കൂകി വിളിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
തുടർന്ന് പോലീസുമായി ഉന്തും തള്ളുമുണ്ടാവുകയും സംഘർഷം ഉടലെടുക്കുകയുമായിരുന്നു. അതേസമയം, മാർക്കറ്റ് മാറ്റുന്നതിനെതിരായ സമരവുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.