കോഴിക്കോട് : ഷാഫി പറമ്പിൽ എം പിക്ക് പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ വൻ പ്രതിഷേധവുമായി കോൺഗ്രസ്. കോഴിക്കോട് ഐ ജി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. പോലീസും പ്രവർത്തകരുമായി ഉന്തും തള്ളലും നടന്നു. മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാർ എത്തിയത്. സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്. (Protest on attack against Shafi Parambil MP)
സംഭവത്തിൽ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടെങ്കിലും പരിഹാരമായില്ല. പ്രവർത്തകർ വലിയ തോതിൽ സംഘടിച്ച് എത്തുകയായിരുന്നു. ഇവർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. ഇതിനിടെ മുതിർന്ന നേതാക്കൾ ഇടപെടുകയും പ്രവർത്തകരെ ശാന്തരാക്കുകയും ചെയ്‌തെങ്കിലും ഒരു കൂട്ടം പ്രവര്‍ത്തകര്‍ സ്ഥലത്ത് തന്നെ തുടരുകയാണ്.
ഷാഫിയെ ലാത്തി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഷാഫി പറമ്പിൽ എം പിക്ക് നേരെ ലാത്തിച്ചാർജ്ജ് നടത്തിയിട്ടില്ല എന്ന പോലീസിൻ്റെ വാദങ്ങൾ പൊളിയുന്നു. പേരാമ്പ്രയിൽ അദ്ദേഹത്തെ പോലീസ് ലാത്തി കൊണ്ട് മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തായി. ഇന്നലെ പോലീസ് നൽകിയ വിശദീകരണം ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നും ആണ്. എന്നാൽ, ഇതിന് വിരുദ്ധമായ കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പിന്നിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശിയത്. ഷാഫിയുടെ തലയിലും മൂക്കിലും പരിക്കേറ്റിരുന്നു.
പേരാമ്പ്രയിൽ ഷാഫി പറമ്പിലിനെ മർദ്ദിച്ചതിന് പിന്നാലെ പോലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തുവെന്ന് വിവരം. പോലീസിനെ ആക്രമിച്ചുവെന്നാണ് എഫ് ഐ ആർ. ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ എന്നിവരുൾപ്പടെ 692 പേർക്കെതിരെയാണ് കേസ്. അതേസമയം, പോലീസ് നടപടിയിൽ ഷാഫിയുടെ മൂക്കിന് പൊട്ടൽ ഉണ്ടാവുകയും അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടി വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്ത വിവരം പുറത്ത് വരുന്നത്.
പോലീസ് ഷാഫി പറമ്പിൽ എം പിയെ മർദ്ദിച്ച സംഭവത്തിൽ കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. ഇന്ന് വൈകുന്നേരം 3 മണിക്ക് പേരാമ്പ്രയിൽ യു ഡി എഫ് പ്രതിഷേധ സംഗമം നടത്തും. പരിപാടി കെ സി വേണുഗോപാൽ എം പി ഉദ്‌ഘാടനം ചെയ്യും. ഇന്നലെ രാത്രി വൈകിയും പലയിടത്തും പ്രതിഷേധങ്ങൾ നടന്നിരുന്നു. ഏറെ പണിപ്പെട്ടാണ് ഇവരെ നീക്കിയത്. പലയിടത്തും ദേശീയപാത ഉപരോധിച്ച പ്രവർത്തകർ ഏറെ നേരത്തിന് ശേഷം പിന്തിരിയുകയായിരുന്നു. തിരുവനന്തപുരത്ത് ഷാഫിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങി. കൊല്ലത്തും രാത്രി വൈകിയും പ്രതിഷേധം നടത്തി. എറണാകുളത്ത് ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.