കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിന് സിപിഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച പ്രവർത്തകന്റെ ബൈക്ക് അക്രമികൾ കത്തിച്ചു. ബെള്ളൂർ സ്വദേശി പ്രസന്നന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കാണ് ഇന്ന് പുലർച്ചെ കത്തിയ നിലയിൽ കണ്ടെത്തിയത്.(Protest in Payyanur intensifies, Bike of activist supporting V Kunhikrishnan set on fire)
വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ പയ്യന്നൂരിൽ പ്രവർത്തകർ സ്വയംപ്രേരിതമായി പ്രകടനം നടത്തിയിരുന്നു. മുദ്രാവാക്യം വിളിച്ചത് പ്രസന്നനായിരുന്നു.
വീടിന്റെ മുറ്റത്ത് ഇരുന്ന ബൈക്ക് അക്രമികൾ കുറച്ചു ദൂരത്തേക്ക് മാറ്റി നിർത്തിയ ശേഷമാണ് തീയിട്ടത്. ഫണ്ട് തട്ടിപ്പ് ആരോപണത്തെത്തുടർന്ന് പയ്യന്നൂരിലെ സിപിഎമ്മിൽ ഉടലെടുത്ത കടുത്ത വിഭാഗീയത തെരുവിലേക്ക് പടരുന്നതിന്റെ സൂചനയായാണ് ഈ അക്രമം വിലയിരുത്തപ്പെടുന്നത്.