
ഇരിങ്ങാലക്കുട: നിക്ഷേപിച്ച തുക തിരിച്ചുകിട്ടാൻ കരുവന്നൂർ സഹകരണ ബാങ്കിനു മുന്നിൽ വസ്ത്രമുരിഞ്ഞ് പ്രതിഷേധം. ഇതേ വിഷയം ഉന്നയിച്ച് ഒറ്റയാൾ സമരമടക്കം നിരവധി പ്രതിഷേധങ്ങൾ നടത്തിയ മാപ്രാണം വടക്കേത്തല വീട്ടിൽ ജോഷിയാണ് (54) തന്റെ ബന്ധുക്കളുടെ പേരിലുള്ള സ്ഥിരനിക്ഷേപത്തുക മടക്കിനൽകണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച ബാങ്കിനു മുന്നിലെത്തിയത്. മേൽവസ്ത്രം ഉരിഞ്ഞ് ബാങ്ക് കെട്ടിടത്തിലേക്ക് എറിഞ്ഞായിരുന്നു പ്രതിഷേധം നടത്തിയത്. ഭാര്യയുടെയും അമ്മയുടെയും സഹോദരിയുടെയും സഹോദരിയുടെ മകളുടെയും പേരുകളിലായി 60 ലക്ഷത്തോളം രൂപയാണ് ലഭിക്കാനുള്ളതെന്നും പണം ചോദിക്കുമ്പോൾ പരിഹസിക്കുന്ന നിലപാടാണ് ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി സ്വീകരിക്കുന്നതെന്നും ജോഷി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്റെ പേരിലുള്ള നിക്ഷേപം തിരിച്ചുതന്ന ഘട്ടത്തിൽ ബന്ധുക്കളുടെ പേരിലുള്ള നിക്ഷേപം മൂന്നു മാസത്തിനകം തരാമെന്നായിരുന്നു ഉറപ്പെന്ന് ജോഷി പറഞ്ഞു.