പാലക്കാട് : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം.രാഹുല്‍ മോശമായി പെരുമാറിയെന്ന് സ്ത്രീകള്‍ പരാതികള്‍ ഉന്നയിച്ച സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പാലക്കാട് കോട്ടമൈതാനത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്കുള്ള വഴിയില്‍വെച്ച് ആദ്യം ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാനും മറികടക്കാനും ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ എംഎല്‍എയുടെ ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം സഞ്ജീവിന്റെ നേത്യത്വത്തിലാണ് മാർച്ച് നടന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും തുടരുന്നുണ്ടായിരുന്നു.
ഗൂഗിൾ പേ വഴി വരെ പെൺകുട്ടികൾക്ക് മെസ്സേജ് അയക്കുന്ന നരമ്പ് രോഗിയായി പാലക്കാട് എം എൽ എ മാറിയെന്നും രാഹുൽ മാങ്കൂട്ടം ഇനി പാലക്കാടിന്റെ മണ്ണിൽ കാല് കുത്തരുതെന്നും എസ്എഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി എസ് വിപിൻ പറഞ്ഞു.