കാസർഗോഡ്: കുമ്പള ആരിക്കാടിയിൽ ദേശീയപാതയിൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം ഇരമ്പുന്നു. തിങ്കളാഴ്ച രാവിലെ ടോൾ പിരിവ് തുടങ്ങിയതോടെ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ ദേശീയപാത ഉപരോധിച്ചു. എംഎൽഎ അടക്കമുള്ള നേതാക്കളെയും നൂറുകണക്കിന് പ്രവർത്തകരെയും പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.(Protest against toll collection in Kasaragod, MLA and others arrested)
ദേശീയപാത അതോറിറ്റിയുടെ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടാണ് പുതിയ ടോൾ പ്ലാസ പ്രവർത്തനമാരംഭിച്ചതെന്ന് സമരസമിതി ആരോപിക്കുന്നു. രണ്ട് ടോൾ പ്ലാസകൾ തമ്മിൽ കുറഞ്ഞത് 60 കിലോമീറ്റർ ദൂരപരിധി വേണമെന്നാണ് ചട്ടം. എന്നാൽ നിലവിലുള്ള തലപ്പാടി ടോൾ പ്ലാസയിൽ നിന്നും വെറും 22 കിലോമീറ്റർ മാത്രം ദൂരത്തിലാണ് ആരിക്കാടിയിൽ പുതിയ ടോൾ ബൂത്ത് സ്ഥാപിച്ചിരിക്കുന്നത്.
ടോൾ പിരിവിനെതിരെ ആക്ഷൻ കമ്മിറ്റി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് അധികൃതരുടെ ധൃതിപിടിച്ചുള്ള നീക്കം. കോടതി വിധി വരുന്നത് വരെ ടോൾ പിരിക്കില്ലെന്ന് നേരത്തെ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടതായി എംഎൽഎ കുറ്റപ്പെടുത്തി.
പോലീസ് ധിക്കാരപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വരും ദിവസങ്ങളിൽ ശക്തമായ സമരങ്ങളിലൂടെ ടോൾ ബൂത്ത് പൂട്ടിക്കുമെന്നും കസ്റ്റഡിയിലായ എകെഎം അഷ്‌റഫ് എംഎൽഎ പറഞ്ഞു.