

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മിൽ ഭിന്നത നിലനിൽക്കെ, സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പിനെതിരെ എസ്എഫ്ഐ (SFI) സമരത്തിന്. കാർഷിക സർവകലാശാലയിലെ ഫീസ് വർധനവ് വിഷയമാക്കിയാണ് എസ്എഫ്ഐയുടെ പ്രതിഷേധം.(Protest against the increase in fees at the Agricultural University, SFI strikes against the CPI department)
ഫീസ് വർധനവ് ഉണ്ടാകില്ലെന്ന മുൻ ഉറപ്പ് അട്ടിമറിക്കപ്പെട്ടു എന്ന് ആരോപിച്ചാണ് എസ്എഫ്ഐയുടെ സമരം. ഇന്ന് (ഒക്ടോബർ 28) എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്ത് കാർഷിക സർവകലാശാലയിലേക്ക് മാർച്ച് സംഘടിപ്പിക്കും.
പിഎം ശ്രീ പദ്ധതിയിൽ സിപിഎം മന്ത്രി വി. ശിവൻകുട്ടി കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിനെതിരെ സിപിഐയുടെ വിദ്യാർത്ഥി യുവജന സംഘടനകളായ എഐഎസ്എഫും (AISF) എഐവൈഎഫും (AIYF) സമരം ശക്തമാക്കുന്നതിനിടയിലാണ് എസ്എഫ്ഐ കൃഷിവകുപ്പിനെതിരെ (സിപിഐ മന്ത്രി പി. പ്രസാദ്) സമരം തുടങ്ങുന്നത്.
പി.എം ശ്രീ പദ്ധതിയിൽ ധാരണാപത്രം ഒപ്പിട്ട നിലപാട് വിദ്യാഭ്യാസ വകുപ്പും മന്ത്രിയും തിരുത്തണമെന്നാവശ്യപ്പെട്ടാണ് എഐവൈഎഫ് പ്രതിഷേധം. പി.എം ശ്രീ വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം ശ്രമം തുടരും. സിപിഐ സംസ്ഥാന കൗൺസിലിന് മുമ്പ് എൽഡിഎഫ് യോഗം വിളിച്ച് പ്രശ്നം പരിഹരിക്കാനാണ് സിപിഎമ്മിന്റെ ശ്രമം.
പ്രതിഷേധസൂചകമായി സിപിഐ മന്ത്രിമാർ നാളത്തെ (ഒക്ടോബർ 29) മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ല. അതേസമയം, പദ്ധതിയിൽ ഒപ്പുവച്ചാൽ കേന്ദ്രം നിശ്ചയിച്ചത് നടപ്പാക്കേണ്ടിവരുമെന്നത് അവാസ്തവമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു.