ആശമാർ മുടി അഴിച്ചിട്ടു, പിന്നാലെ മുടി മുറിച്ചു പ്രതിഷേധം; പലരും വിതുമ്പിക്കരഞ്ഞു | Protest of Ashas

പത്തനംതിട്ട വാര്യാപുരം സെന്റ് തോമസ് മാർത്തോമ്മാ ഇടവക വികാരി രാജു പി. ജോർജ് തന്റെ മുടി മുറിച്ചുകൊണ്ട് സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു
Ashas
Published on

തിരുവനന്തപുരം: തങ്ങൾക്കെതിരെ മുഖം തിരിക്കുന്ന സർക്കാരിന്റെ മുഖത്തേക്ക് ആശമാർ മുടിമുറിച്ചെറിഞ്ഞു. വേതനവർധന ആവശ്യപ്പെട്ട് 50 ദിവസമായി തുടരുന്ന സമരത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് അനുഭാവപൂർവമായ സമീപനം ഉണ്ടാകാത്തതിനാലാണ് സമരം മുടിമുറിക്കൽ പ്രതിഷേധത്തിലേക്ക് എത്തിക്കാൻ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചത്.

അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സമരമെന്ന് സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യം മുടി അഴിച്ചിട്ട് പ്രകടനം നടത്തി. പിന്നാലെ മുടി മുറിച്ച് പ്രതിഷേധിച്ചു. ഒരാൾ തല മുണ്ഡനം ചെയ്തു. പലരും വിതുമ്പിക്കരഞ്ഞു.

"മുലക്കരത്തിന് എതിരെ മുല ഛേദിച്ച് നടത്തിയ സമരത്തെക്കുറിച്ചൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. ആത്മാഭിമാനത്തിനു വേണ്ടിയാണ് ഈ സമരം. അധികാരികളുടെ മുന്നിൽ അടിമയായി നിന്നു പണിയെടുത്താൽ കിട്ടുന്ന 232 രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്." മിനി പറഞ്ഞു.

ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്നും എത്ര ദിവസം കഴിഞ്ഞാലും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സമരസമിതി നേതാവ് എം.എ.ബിന്ദു പറഞ്ഞു.

അതേസമയം, ആശാവർക്കർമാർക്ക് പിന്തുണയുമായി വൈദികരുമെത്തി. പത്തനംതിട്ട വാര്യാപുരം സെന്റ് തോമസ് മാർത്തോമ്മാ ഇടവക വികാരി രാജു പി. ജോർജ് തന്റെ മുടി മുറിച്ചുകൊണ്ട് സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. "സാധാരണക്കാരുടെയും പാവപ്പെട്ട സ്ത്രീകളുടെയും സമരം വിജയിക്കണം. ഇപ്പോൾ വലിയ നോമ്പുകാലമാണ്. ക്രിസ്തു പഠിപ്പിച്ച പാതയിൽ സാധാരണക്കാർക്കൊപ്പം നിൽക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് മുടി മുറിക്കാൻ തീരുമാനിച്ചത്."’ – വൈദികൻ പറഞ്ഞു

Related Stories

No stories found.
Times Kerala
timeskerala.com