'സംരക്ഷണ സ്ഥാപനങ്ങളിൽ കുട്ടികൾക്കായി വ്യക്തിഗത പരിപാലന പദ്ധതി തയ്യാറാക്കണം, കുട്ടികൾക്ക് കുടുംബത്തിൽ നിന്നും കിട്ടുന്നതിനേക്കാൾ അധികം സ്നേഹവും കരുതലും ഉറപ്പാക്കണം': ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ |Protection Of Child Right

കുട്ടികളുടെ അവകാശങ്ങൾക്ക് മുൻതൂക്കം നൽകിയാവണം ശിശു സംരക്ഷണ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്
protection of children's rights
Published on

സംരക്ഷണ സ്ഥാപനങ്ങളിൽ എത്തുന്ന കുട്ടികളിലെ കഴിവുകൾ കണ്ടെത്തി മികച്ച രീതിയിൽ അവരെ വളർത്തിയെടുക്കാനായി വ്യക്തിഗത പരിപാലന പദ്ധതി തയ്യാറക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ പറഞ്ഞു. ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തിൽ ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ മേലധികാരികൾക്കായി വെള്ളയമ്പലം ടിഎസ്എസിൽ സംഘടിപ്പിച്ച ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.(Protection Of Child Right)

കുട്ടികളുടെ അവകാശങ്ങൾക്ക് മുൻതൂക്കം നൽകിയാവണം ശിശു സംരക്ഷണ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. അവിടെ എത്തുന്ന പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമുള്ള കുട്ടികൾക്ക് കുടുംബത്തിൽ നിന്നും കിട്ടുന്നതിനേക്കാൾ അധികം സ്നേഹവും കരുതലും ഉറപ്പാക്കണം. ഓരോ കുട്ടിക്കും സ്നേഹം നൽകിയാൽ മാത്രമേ നല്ല വ്യക്തിയായി വളരുകയുള്ളൂ. സ്നേഹം എന്താണെന്ന് തിരിച്ചറിയാത്ത ഒരു കുട്ടി വളർന്നു വന്നാൽ അവൻ മനുഷ്യനല്ലാതായിതീരും. എത്ര അളന്നാലും തീരാത്ത സ്നേഹമെന്ന വൈകാരികത കുട്ടികളിൽ നിക്ഷേപിച്ച് അവരെ ചേർത്തുപിടിക്കുകയാണ് നമ്മുടെ ഉത്തരവാദിത്വം.

കുട്ടികൾക്ക് സ്വപ്നങ്ങളിലേക്ക് നടന്നു കയറുന്നതിനുള്ള വഴി ഒരുക്കിക്കൊടുക്കണം. അതിനാവശ്യമായ എല്ലാ സാഹചര്യങ്ങളും ലഭ്യമാക്കണം. കൂട്ടിലടക്കപ്പെട്ട പക്ഷിയെ പോലെ എല്ലാ നിയന്ത്രണങ്ങൾക്കും വിധേയമായികൊണ്ട് ജീവിക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ നമുക്ക് അളക്കാനാവില്ല. കുട്ടികളെ നാം മനസ്സിലാക്കണം. തടങ്കൽ പോലെ അനുഭവിക്കേണ്ടി വരുന്ന ഹോമുകൾ നമ്മുടെ സംസ്ഥാനത്തുണ്ട്. ഒരു ഹോം നടത്തുമ്പോൾ അവിടെ കുട്ടികൾക്ക് സന്തോഷമില്ലെങ്കിൽ അത് ഒരു ഹോമിന്റെ ലക്ഷ്യത്തിലേക്ക് വരില്ല. ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ കുട്ടികൾ ഏറെ സന്തോഷകരമായ അന്തരീക്ഷത്തിൽ ജീവിക്കണമെന്നാണ് കമ്മിഷൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാപനവൽക്കരിക്കപ്പെട്ട കുട്ടികളുടെ അവകാശ സംരക്ഷണ സമീപനങ്ങൾ, വ്യക്തിഗത ശ്രദ്ധാ പദ്ധതിയും അതിന്റെ പ്രാധാന്യവും, സ്ഥാപനവൽക്കരിക്കപ്പെട്ട കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നടന്നു. നിർഭയ സെൽ കോർഡിനേറ്റർ ശ്രീലമേനോനും കാവൽ പ്രോജക്ട് കോർഡിനേറ്റർ ശ്രീനേഷും കൊല്ലം മെഡിക്കൽ കോളേജ് സൈക്യാട്രിസ്റ്റ് ഡോ. മോഹൻ റോയും ക്ലാസുകൾ കൈകാര്യം ചെയ്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ മേലധികാരികളെ പങ്കെടുപ്പിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്.

ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം ഡോ. എഫ്. വിൽസൺ അദ്ധ്യക്ഷനായ ഉദ്ഘാടന പരിപാടിയിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സുജ, കമ്മിഷൻ അംഗങ്ങളായ കെ. കെ. ഷാജു, സിസിലി ജോസഫ്, ഷാജേഷ് ഭാസ്‌കർ, മോഹൻ കുമാർ, കമ്മിഷൻ രജിസ്ട്രാർ കോമളവല്ലി തുടങ്ങിയവർ സംബന്ധിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com