കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടാൻ പ്രോസിക്യൂഷൻ ഒരുങ്ങുന്നു. ശിക്ഷിക്കപ്പെട്ട എല്ലാ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വെള്ളിയാഴ്ച കോടതിയിൽ ആവശ്യപ്പെടും. സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണമെന്ന് വിചാരണക്കോടതിയെ അറിയിക്കും.(Prosecution to seek life imprisonment for all 6 accused in actress assault case)
ബലാത്സംഗക്കുറ്റം എല്ലാവർക്കുമെതിരെ തെളിയിക്കപ്പെട്ടിട്ടുണ്ട്.കൃത്യത്തിന്റെ ഗൗരവം പരിഗണിച്ച് ശിക്ഷ കുറയ്ക്കരുത്; എല്ലാവരും ഒരുപോലെ കുറ്റക്കാരാണ്. സമൂഹത്തിന് മുഴുവൻ ഭീഷണിയാവുന്നതാണ് പ്രതികളുടെ പശ്ചാത്തലം. മുൻപും പ്രതികൾ സമാനമായ കുറ്റകൃത്യത്തിന് ശ്രമം നടത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ പരമാവധി ശിക്ഷയായ ജീവപര്യന്തം ഉറപ്പാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും.
പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ട ശേഷമായിരിക്കും പ്രോസിക്യൂഷൻ ഇക്കാര്യം ആവശ്യപ്പെടുക. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് ആണ് വിധി പ്രസ്താവിച്ചത്.
നടിയെ വാഹനത്തിൽ ആക്രമിച്ചതിന് പൾസർ സുനി അടക്കം ഒന്ന് മുതൽ ആറുവരെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകി എന്ന കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. ദിലീപ് അടക്കം നാല് പ്രതികളെയാണ് കോടതി വെറുതെവിട്ടത്. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിൽ നടൻ ദിലീപിന് പങ്കുണ്ടെന്ന വാദം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.