ചെങ്ങന്നൂർ: റെയിൽവേ സ്റ്റേഷന് സമീപത്തെ വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന എട്ട് ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. ആയിരം കിലോയോളം വരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടിൽ താമസിച്ചിരുന്ന ഏഴ് അതിഥി തൊഴിലാളികളെ എക്സൈസ് കസ്റ്റഡിയിലെടുത്തു.
നാട്ടുകാരുടെ ഇടപെടൽ നിർണ്ണായകമായി
ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. റെയിൽവേ സ്റ്റേഷന് സമീപം അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ അസ്വാഭാവിക സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ലഹരിശേഖരം കണ്ടെത്തിയത്. ഉടൻ തന്നെ വാർഡ് കൗൺസിലർ സിനി ബിജുവിനെ വിവരമറിയിക്കുകയും അവർ പോലീസിനും എക്സൈസിനും വിവരം കൈമാറുകയും ചെയ്തു.
എക്സൈസ് പരിശോധന
എക്സൈസ് ഇൻസ്പെക്ടർ കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ചാക്കുകളിലും പെട്ടികളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉൽപ്പന്നങ്ങൾ. പിടികൂടിയ ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ എട്ട് ലക്ഷത്തോളം രൂപ വിലവരും. കോട്പ (COTPA) നിയമപ്രകാരമാണ് ഏഴ് പേർക്കെതിരെയും നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രിവന്റീവ് ഓഫീസർ ബി. സുനിൽ കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആർ. പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ. രതീഷ്, വിഷ്ണു വിജയൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.