
എറണാകുളം: എഴുത്തിലൂടെ നവോത്ഥാന ലോകത്തിന് മാർഗ്ഗദീപം നൽകിയ വിമർശകൻ പ്രൊഫ. എം.കെ സാനുവിന്റെ പൊതു ദർശനം ഇന്ന് രാത്രി 7 മുതൽ 9 വരെ അമൃത ആശുപത്രിയിൽ നടക്കും(Prof. M.K. Sanu). സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം നാളെ രാവിലെ 8 മണിക്ക് സ്വവസതിയിലെത്തിക്കും. 10 മണി വരെ വീട്ടിൽ പൊതുദർശനത്തിനുള്ള സൗകര്യമൊരുക്കും. 10 മണിക്ക് ശേഷം എറണാകുളം ടൗൺഹാളിൽ പൊതുദർശനം ഉണ്ടായിരിക്കും. സംസ്കാരം വൈകിട്ട് 5 മണിക്ക് രവിപുരം ശ്‌മശാനത്തിൽ നടക്കും.
ഇന്ന് വൈകുന്നേരമാണ് എറണാകുളത്തെ അമൃത ആശുപത്രിയിൽ എം.കെ സാനു നിര്യാതനായത്. ന്യൂമോണിയ ബാധയെ തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 98 വയസിലും സാനു മാഷ് പൊതു രംഗങ്ങളിൽ സജീവമായിരുന്നു.
വിമർശനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി 40 ഓളം കൃതികളുടെ കർത്താവാണ് സാനു മാഷ്. വിവിധ കോളേജുകളിൽ ഭാഷാ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. എഴുത്തച്ഛൻ പുരസ്‌കാരം, സാഹിത്യ അക്കാദമി പുരസ്‌കാരം, സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്‌കാരം, പത്മ പ്രഭ പുരസ്‌കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.