
കൊച്ചി: പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരെ നിർമാതാവ് സാന്ദ്ര തോമസ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും. എറണാകുളം സബ് കോടതിയിലാണ് സാന്ദ്ര ഹർജി നൽകിയിരിക്കുന്നത്. ബൈലോ പ്രകാരം താൻ മത്സരിക്കാൻ യോഗ്യയാണെന്നാണ് സാന്ദ്ര ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. തിരഞ്ഞെടുപ്പിന് വരണാധികാരിയെ നിയമിച്ചത് ബൈലോയ്ക്ക് വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കണമെങ്കിൽ മൂന്നിലേറെ സിനിമകൾ നിർമിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്രയുടെ പത്രിക തള്ളിയത്.
അതേസമയം, നിർമാതാക്കൾ തമ്മിലുള്ള തുറന്ന പോര് കൂടുതൽ ശക്തമാവുകയാണ്. നിർമാതാക്കളായ സാന്ദ്ര തോമസും ലിസ്റ്റിൻ സ്റ്റീഫനും തമ്മിലുള്ള തർക്കത്തിന് പിന്നാലെ, ബാനറിനെ ചൊല്ലിയുള്ള തർക്കവും ഉണ്ടായിട്ടുണ്ട്. സാന്ദ്രയും വിജയ് ബാബുവും തമ്മിലാണ് തർക്കം.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസ് കാണിക്കുന്നത് വെറും ഷോയാണെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞിരുന്നു. ഫ്രൈഡേ ഫിലിം പ്രോഡക്ഷൻസുമായി സാന്ദ്രയ്ക്ക് കഴിഞ്ഞ 10 വർഷക്കാലമായി യാതൊരു ബന്ധവുമില്ലെന്നാണ് വിജയ് ബാബുവിന്റെ പ്രതികരണം. എന്നാൽ, വിജയ് ബാബുവിന്റെ സർട്ടിഫിക്കറ്റല്ല ബൈലോ എന്നായിരുന്നു സാന്ദ്രയുടെ മറുപടി. ഈ മാസം പതിനാലിനാണ് തിരഞ്ഞെടുപ്പ്.