

വൈക്കം: പ്രശസ്ത നടൻ നിവിൻ പോളിയെ വ്യാജക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നിർമാതാവ് പി.എസ്. ഷംനാസിനെതിരെ വൈക്കം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ കുറ്റം ചുമത്തി. ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന അതീവ ഗൗരവകരമായ കുറ്റങ്ങളാണ് നിർമാതാവിനെതിരെ കോടതി ചുമത്തിയത്.
'ആക്ഷൻ ഹീറോ ബിജു-2' എന്ന സിനിമയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കമാണ് കേസിന് ആധാരം. സിനിമയുടെ എല്ലാ അവകാശങ്ങളും നിവിൻ പോളിയുടെ നിർമാണ കമ്പനിയായ 'പോളി ജൂനിയർ' പിക്ചേഴ്സിനാണെന്ന് 2023-ൽ നിവിനും സംവിധായകൻ എബ്രിഡ് ഷൈനും ഷംനാസും ഒപ്പിട്ട കരാറിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, നിവിൻ പോളിയുടെ വ്യാജ ഒപ്പിട്ട രേഖകൾ ഫിലിം ചേംബറിൽ ഹാജരാക്കി ഷംനാസ് സിനിമയുടെ പേരിന്റെ അവകാശം സ്വന്തമാക്കുകയായിരുന്നു എന്നാണ് പരാതി.
കോടതിയിൽ വ്യാജ സത്യവാങ്മൂലവും തെറ്റായ രേഖകളും നൽകി നീതിന്യായ വ്യവസ്ഥയെ കബളിപ്പിച്ചു എന്ന് കോടതി നിരീക്ഷിച്ചു. ഭാരതീയ ന്യായ സംഹിതയിലെ (BNS) 229, 236, 237 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മുൻപ് ഇതേ കോടതിയിൽ നിവിൻ പോളിക്കെതിരെ ഷംനാസ് കേസ് നൽകിയിരുന്നു. എന്നാൽ, നിവിനെതിരെ എഫ്.ഐ.ആർ ഇടാൻ കോടതി ഉത്തരവിട്ടത് തന്നെ തെറ്റായ വിവരങ്ങൾ നൽകി കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്ന് കോടതിതല അന്വേഷണത്തിൽ ബോധ്യപ്പെട്ടു.ഇതിനെത്തുടർന്നാണ് പരാതിക്കാരനായ ഷംനാസിനെതിരെ തന്നെ കോടതി നടപടി സ്വീകരിച്ചത്.
നിവിൻ പോളിക്കായി ഹൈക്കോടതി അഭിഭാഷകരായ ടി. സുകേഷ് റോയ്, മീര മേനോൻ എന്നിവർ ഹാജരായി. സത്യം മറച്ചുവെച്ച് കോടതിയെ കരുവാക്കിയ നിർമാതാവിന്റെ നടപടി പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.