
ചില എ.ഐ. (നിർമിത ബുദ്ധി) നിർമിത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിൽ പ്രതികരണവുമായി നടി പ്രിയങ്ക മോഹൻ രംഗത്ത്. തന്നെ തെറ്റായി ചിത്രീകരിക്കുന്ന ഈ വ്യാജ ദൃശ്യങ്ങൾ പങ്കുവെക്കുന്നതും പ്രചരിപ്പിക്കുന്നതും നിർത്തണമെന്ന് നടി അഭ്യർഥിച്ചു.
തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പ്രിയങ്ക മോഹൻ ഈ വിഷയത്തിൽ പ്രതികരിച്ചത്.
"എന്നെ തെറ്റായി ചിത്രീകരിക്കുന്ന ചില എ.ഐ. നിർമിത ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ദയവായി ഈ വ്യാജ ദൃശ്യങ്ങൾ പങ്കുവെക്കുന്നതും പ്രചരിപ്പിക്കുന്നതും നിർത്തുക. എ.ഐ. ഉപയോഗിക്കേണ്ടത് ധാർമികമായ സർഗാത്മകതയ്ക്കാണ്, അല്ലാതെ തെറ്റിദ്ധാരണകൾക്ക് വേണ്ടിയല്ല. നമ്മൾ സൃഷ്ടിക്കുന്നതിനെയും പങ്കുവെക്കുന്നതിനെയും കുറിച്ച് ശ്രദ്ധാലുവാകണം. നന്ദി," പ്രിയങ്ക കുറിച്ചു.
പവൻ കല്യാണിനൊപ്പം അഭിനയിച്ച 'ഒജി' എന്ന സിനിമയിലെ ഒരു രംഗത്തിൽ നിന്നും എടുത്ത ചിത്രങ്ങളാണ് എ.ഐ.യുടെ സഹായത്തോടെ ഗ്ലാമർ ചിത്രങ്ങളായി സൃഷ്ടിക്കപ്പെട്ടത്. പല സിനിമാ സൈറ്റുകളിലും ഇത് പ്രിയങ്കയുടെ യഥാർഥ ചിത്രമെന്ന രീതിയിൽ പ്രചരിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി നടിമാരുടെ വ്യാജ എ.ഐ. ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സായി പല്ലവിയുടെ പേരിൽ വ്യാജമായി സൃഷ്ടിച്ച ബിക്കിനി ചിത്രങ്ങൾ പ്രചരിച്ചത്.
ഇതിന് മുൻപ് രശ്മിക മന്ദാനയുടെ വ്യാജ എ.ഐ. വീഡിയോ വലിയ വിവാദമായിരുന്നു.എ.ഐ. സാങ്കേതികവിദ്യയിലൂടെ നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും ചെയ്യാൻ കഴിയുമെന്നിരിക്കെ, ഈ ദുരുപയോഗത്തിനെതിരെയാണ് പ്രിയങ്ക മോഹൻ പ്രതികരിച്ചത്. നടിയുടെ പ്രതികരണത്തെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.