
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിൽ തകര്‍പ്പന്‍ വിജയം സമ്മാനിച്ച വയനാട്ടിലേക്ക് രണ്ട് ദിവസത്തിനകം എത്തുമെന്ന് നിയുക്ത എം പി പ്രിയങ്കാ ഗാന്ധി (Priyanka Gandhi). തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി പി ഐയുടെ സത്യന്‍ മൊകേരിയേക്കാള്‍ 4,10,931 വോട്ട് അധികം നേടിയാണ് യു ഡി എഫ് സാരഥി തിളക്കമാര്‍ന്ന ജയം സ്വന്തമാക്കിയിരിക്കുന്നത്.
വയനാട്ടിലെ പ്രിയങ്കയുടെ വിജയത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തു വന്നു. ട്വിറ്ററിലൂടെയായിരുന്നുരാഹുലിന്റെ പ്രതികരണം. വയനാട്ടിലെ എന്റെ കുടുംബം പ്രിയങ്കയില്‍ വിശ്വാസമര്‍പ്പിച്ചതില്‍ അഭിമാനം തോന്നുന്നു. നമ്മുടെ പ്രിയങ്കരമായ വയനാടിനെ പുരോഗതിയുടെയും സമൃദ്ധിയുടെയും വിളക്കുമാടമാക്കി മാറ്റാന്‍ പ്രിയങ്ക അനുകമ്പയോടെയും അചഞ്ചലമായ അര്‍പ്പണബോധത്തോടെയും നയിക്കുമെന്ന് എനിക്കറിയാമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.