

കൊച്ചി: കേരളത്തിന് അഭിമാനമായി എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിലേക്ക് എത്തുന്ന മൂന്നാമത്തെ വന്ദേ ഭാരത് ആണിത്. ട്രെയിൻ സർവീസ് ഔദ്യോഗികമായി നവംബർ 11-ന് ആരംഭിക്കും.
06652 എറണാകുളം ജങ്ഷൻ-കെ.എസ്.ആർ. ബെംഗളൂരു ട്രെയിൻ കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് യാത്ര ചെയ്യുക. ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ട്രെയിൻ സർവീസ് നടത്തും. എട്ട് കോച്ചുകളുള്ള പ്രത്യേക സർവീസായാണ് എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് പ്രവർത്തിക്കുക.ഈ പുതിയ സർവീസ് ആരംഭിക്കുന്നതോടെ സതേൺ റെയിൽവേയുടെ കീഴിലുള്ള വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 12 ആകും.
പ്രധാന സ്റ്റോപ്പുകൾ: തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കൃഷ്ണരാജപുരം.
ഐ.ടി. പ്രൊഫഷണലുകൾ, ബിസിനസുകാർ, വിദ്യാർഥികൾ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് പുതിയ സർവീസ് വലിയ പ്രയോജനം ചെയ്യുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. ഫ്ലാഗ് ഓഫ് ചടങ്ങ് തൃശൂർ, പാലക്കാട് റെയിൽവേ സ്റ്റേഷനുകളിൽ തത്സമയം സംപ്രേഷണം ചെയ്തു.