തിരുവനന്തപുരം : ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് ആദരമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. മലയാളം വാനോളം, ലാൽസലാം' എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മോഹന്‍ലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭ നല്‍കിയ മഹത്തായ സംഭാവനകള്‍ക്കുള്ള ആദരവാണ് ഈ പുരസ്കാരം. ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള വക നല്‍കുന്നു. ഈ പുരസ്കാരത്തിലൂടെ ദേശീയതലത്തില്‍ നമ്മുടെ സിനിമയുടെ കലാമൂല്യം ഒരിക്കല്‍ക്കൂടി ഉറപ്പിക്കപ്പെട്ടിരിക്കുന്നു.കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്ക് എന്നും അഭിമാനിക്കാനുള്ള നേട്ടം മോഹന്‍ലാല്‍ ഉണ്ടാക്കിത്തരുന്നുവെന്നും കേരള സര്‍ക്കാര്‍ അനുമോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ നേട്ടങ്ങളിലെത്താന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
ഡല്‍ഹിയില്‍ വെച്ച് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷത്തേക്കാള്‍ ഏറെ വൈകാരികമായാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്ന് ആദരം ഏറ്റുവാങ്ങിക്കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നത് വൈകാരിക ഭാരത്തോടെ, ഇത് ഞാൻ വളർന്ന മണ്ണ്, എന്റെ ആത്മാവിന്റെ ഭാഗം, വൈകാരിക ഭാരം മറച്ചുവയ്ക്കാൻ എന്റെ അഭിനയ ശേഷിക്ക് ആകുന്നില്ല, സിനിമ എടുക്കാൻ അന്ന് തീരുമാനിച്ചത് ഓർക്കുമ്പോൾ ഭയം തോന്നുന്നു. ഇവിടേക്ക് വരുന്നതിന് തൊട്ട് മുമ്പും ഞാൻ ക്യാമറയ്ക്ക് മുന്നിലായിരുന്നു. ഇത് തന്നെയാണോ തൊഴിൽ എന്നാലോചിക്കുമ്പോൾ ലാലേട്ടാ എന്ന വിളി കേൾക്കും, മുങ്ങി പോകുന്നെന്ന് തോന്നുമ്പോൾ ആരെങ്കിലും വന്ന് കൈപിടിക്കും. ജീവിതത്തിലും കരിയറിലും ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട് മോഹൻലാൽ കൂട്ടിച്ചേർത്തു.
മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനായി. മോഹൻലാൽ ചിത്രങ്ങളിലെ ചലിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തി കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് തയ്യാറാക്കിയ ശിൽപം സമ്മാനിച്ചു. കവി പ്രഭ വർമ്മ എഴുതിയ കാവ്യപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിച്ചു. ഗായിക ലക്ഷ്മി ദാസ് കാവ്യപത്രം ചൊല്ലി. വിഖ്യാത ചിത്രകാരൻ എ. രാമചന്ദ്രന്റെ “താമരക്കുളത്തിന്റെ ലോകം” എന്ന ചിത്രം മുഖ്യമന്ത്രി മോഹൻലാലിന് സമ്മാനിച്ചു.