'വന്യജീവി സംരക്ഷണ നിയമ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണം, കേന്ദ്ര സഹായങ്ങൾക്കായി സമ്മർദ്ദം ചെലുത്തണം': MPമാരുടെ യോഗത്തിൽ മുഖ്യമന്ത്രി | CM

ധനപരമായ പ്രധാന ആശങ്കകൾ മുഖ്യമന്ത്രി യോഗത്തിൽ ഉന്നയിച്ചു.
'വന്യജീവി സംരക്ഷണ നിയമ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണം, കേന്ദ്ര സഹായങ്ങൾക്കായി സമ്മർദ്ദം ചെലുത്തണം': MPമാരുടെ യോഗത്തിൽ മുഖ്യമന്ത്രി | CM

തിരുവനന്തപുരം: വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് എത്രയും വേഗം അനുമതി ലഭ്യമാക്കാൻ ശക്തമായ ഇടപെടൽ നടത്തണമെന്ന് എം.പി.മാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനുള്ള നിയമപരമായ മാറ്റങ്ങൾ, സാമ്പത്തിക സഹായങ്ങൾ, കേന്ദ്രവിഹിതം പുനഃസ്ഥാപിക്കൽ തുടങ്ങിയ നിരവധി വിഷയങ്ങളിൽ കേന്ദ്രസർക്കാരിനുമേൽ സമ്മർദ്ദം ചെലുത്താനും മുഖ്യമന്ത്രി എം.പി.മാരോട് അഭ്യർത്ഥിച്ചു.( Pressure should be exerted for central assistance, CM at MPs' meeting)

1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11-ാം വകുപ്പിലുള്ള തടസ്സങ്ങൾ ലഘൂകരിക്കുന്നതിനായി 2025-ലെ വന്യജീവി സംരക്ഷണം ബിൽ നിയമസഭ പാസ്സാക്കിയിട്ടുണ്ട്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതിന് രാഷ്ട്രപതിയുടെ അനുമതി എത്രയും വേഗം ലഭ്യമാക്കാൻ എം.പി.മാർ ഇടപെടണം. സംഘർഷം ലഘൂകരിക്കുന്നതിന് കേന്ദ്രാവിഷ്കൃത പദ്ധതിയുടെ കീഴിൽ 620 കോടി രൂപയുടെ പ്രത്യേക കേന്ദ്രസഹായം ലഭ്യമാക്കണം. വന്യജീവി ആക്രമണങ്ങൾ നേരിട്ടവർക്ക് നൽകേണ്ട നഷ്ടപരിഹാരത്തിന്റെ കേന്ദ്രവിഹിതം ഉടൻ അനുവദിച്ചു കിട്ടണം.

പ്രധാനമന്ത്രി ആവാസ് യോജന 2.0 പദ്ധതിയുടെ മാർഗ്ഗരേഖ പ്രകാരം യൂണിറ്റ് കോസ്റ്റ് 2.5 ലക്ഷമായി ഉയർത്തിയപ്പോഴും കേന്ദ്രവിഹിതം 1.5 ലക്ഷമായി തുടരുകയാണ്. ഇത് വർദ്ധിപ്പിക്കാൻ ഇടപെടൽ നടത്തണം. സംസ്ഥാനത്തിന്റെ ധനപരമായ പ്രധാന ആശങ്കകൾ മുഖ്യമന്ത്രി യോഗത്തിൽ ഉന്നയിച്ചു.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് വർഷത്തെ സംസ്ഥാന വിഹിതമായ 17,500 കോടി രൂപ കടമെടുപ്പ് പരിധിക്ക് ഉപരിയായി അധിക കടം അനുവദിക്കണം. 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് കേന്ദ്രം വെട്ടിക്കുറച്ച തുകകളായ 6,757 കോടി രൂപയും 3,323 കോടി രൂപയും പുനഃസ്ഥാപിക്കണം. 15-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്ത മുഴുവൻ അവാർഡ് തുകയും ലഭ്യമാക്കണം.

മേപ്പാടി - ചൂരൽമല ദുരന്തബാധിത മേഖലയുടെ പുനർനിർമ്മാണത്തിനായി അഭ്യർത്ഥിച്ച 2,221.03 കോടി രൂപയിൽ അർഹമായ ബാക്കി തുക ലഭ്യമാക്കുന്നതിനായി സമ്മർദ്ദം ചെലുത്തണം. ജി.എസ്.ടി. നികുതി പരിഷ്ക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തിന് നികുതി വരുമാനത്തിൽ വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ഉയർത്തണം.

എല്ലാ ഖാദി ഉത്പന്നങ്ങളെയും ജി.എസ്.ടി.യുടെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ ഇടപെടണം. പി.എം.എ.വൈ. വീടുകൾക്ക് മുന്നിൽ ലോഗോ വെക്കണമെന്ന ബ്രാൻഡിങ് നിബന്ധന ഒഴിവാക്കുന്നതിൽ അനുകൂല തീരുമാനം നേടണം. കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായി ഗ്ലോബൽ സിറ്റി (കൊച്ചി) പദ്ധതിക്ക് കേന്ദ്രാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നൽകിയ കത്ത് പാർലമെന്റ് സമ്മേളനത്തിൽ വീണ്ടും ഉന്നയിക്കണം.

സംസ്ഥാനത്തിന് എയിംസ് അനുവദിക്കുന്നതിനുള്ള നടപടികൾ കേന്ദ്രം കൈക്കൊണ്ടിട്ടില്ലെന്നും, വിദേശ വിമാന കമ്പനികൾക്ക് കണ്ണൂർ എയർപോർട്ടിൽ നിന്ന് സർവീസ് നടത്താനുള്ള പോയിന്റ് ഓഫ് കോൾ ലഭ്യമാക്കുന്നതിന് തുടർച്ചയായി സമ്മർദ്ദം ചെലുത്തണമെന്നും മുഖ്യമന്ത്രി എം.പി.മാരെ ഓർമ്മിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com