തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്തും. രാവിലെ 9.10 ന് രാജ് ഭവനിൽ നിന്ന് ഹെലികോപ്ടറിൽ പുറപ്പെടുന്ന രാഷ്ട്രപതി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലായിരിക്കും ഇറങ്ങുക. നേരത്തെ നിലയ്ക്കലിൽ ഹെലികോപ്ടർ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ക്രമീകരണങ്ങളിൽ മാറ്റം വരുത്തുകയായിരുന്നു.(President in Sabarimala today, restrictions on pilgrims)
പ്രമാടത്ത് ഇറങ്ങിയ ശേഷം റോഡ് മാർഗം പമ്പയിലെത്തുന്ന രാഷ്ട്രപതി പ്രത്യേക വാഹനത്തിലായിരിക്കും സന്നിധാനത്തേക്ക് തിരിക്കുക. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയെത്തുന്ന രാഷ്ട്രപതി 11.50 ഓടെ സന്നിധാനത്തെത്തും. ക്ഷേത്ര കൊടിമരച്ചുവട്ടിൽ വെച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി രാഷ്ട്രപതിയെ സ്വീകരിക്കും.
ദർശനത്തിനുശേഷം ഉച്ചയ്ക്ക് 12.20 ന് സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ രാഷ്ട്രപതി വിശ്രമിക്കും. ദേവസ്വം ബോർഡിന്‍റെ ഉപഹാരമായി കുമ്പിളിന്‍റെ തടിയിൽ കൊത്തിയെടുത്ത അയ്യപ്പ രൂപം രാഷ്ട്രപതിക്ക് സമ്മാനിക്കും.
രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. ഒക്ടോബര്‍ 24നാണ് രാഷ്ട്രപതി ഡൽഹിക്ക് മടങ്ങുക.
രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ദർശനം കഴിഞ്ഞ് മടങ്ങുന്നതുവരെ മറ്റു തീർത്ഥാടകർക്ക് നിലയ്ക്കലിനപ്പുറം പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.