ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടി: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ ദർശനം നടത്തി | Sabarimala

ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലാണ് രാഷ്ട്രപതി വിശ്രമിക്കുന്നത്
ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടി: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ ദർശനം നടത്തി | Sabarimala
Published on

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി അയ്യപ്പ ദർശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് രാഷ്ട്രപതി ദർശനം പൂർത്തിയാക്കിയത്.(President Draupadi Murmu visited Sabarimala)

പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം കെട്ടുനിറച്ച രാഷ്ട്രപതി, 11.30-ഓടെയാണ് കനത്ത സുരക്ഷയിൽ പ്രത്യേക വാഹനത്തിൽ സന്നിധാനത്തേക്കുള്ള മലകയറ്റം ആരംഭിച്ചത്.

സന്ദർശന വിവരങ്ങൾ ഇന്നലെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ 7.30-ഓടെ രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. നിശ്ചയിച്ചതിലും നേരത്തെയായിരുന്നു ശബരിമലയിലേക്കുള്ള യാത്ര.

രാവിലെ 9 മണിയോടെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്റർ ഇറങ്ങി. പ്രമാടത്ത് വെച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ്റെ നേതൃത്വത്തിൽ രാഷ്ട്രപതിക്ക് സ്വീകരണം നൽകി.

ആൻ്റോ ആൻ്റണി എം.പി., കെ.യു. ജനീഷ് കുമാർ എം.എൽ.എ., പ്രമോദ് നാരായൺ എം.എൽ.എ., ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് എന്നിവരും സ്വീകരിക്കാനെത്തിയിരുന്നു.

പോലീസിൻ്റെ 'ഫോഴ്സ് ഗൂർഖാ' വാഹനത്തിലാണ് രാഷ്ട്രപതി സന്നിധാനത്തേക്ക് എത്തിയത്. സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ വെച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു.

ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലാണ് രാഷ്ട്രപതി വിശ്രമിക്കുന്നത്. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി, ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിൻ്റെ ചക്രങ്ങൾ കോൺക്രീറ്റിൽ താഴ്ന്നു

ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു വന്നിറങ്ങിയ ഹെലികോപ്റ്ററിൻ്റെ ടയറുകൾ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ കോൺക്രീറ്റ് പ്രതലത്തിൽ താഴ്ന്നുപോയി. തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് തള്ളിയാണ് ഹെലികോപ്റ്റർ മുന്നോട്ട് നീക്കിയത്. രാഷ്ട്രപതിയുടെ യാത്രയ്ക്ക് യാതൊരു തടസ്സവുമുണ്ടായിരുന്നില്ല. രാഷ്ട്രപതിയെയും വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റർ സുരക്ഷിതമായിത്തന്നെയാണ് പ്രമാടത്ത് ഇറങ്ങിയത്. എന്നാൽ ഇറങ്ങിയ ശേഷമാണ് ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുപോയത്.

തിരുവനന്തപുരത്തുനിന്ന് എത്തിയ ഹെലികോപ്റ്റർ നിലയ്ക്കൽ ഇറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രതികൂല കാലാവസ്ഥ കാരണം പെട്ടെന്ന് തീരുമാനം മാറ്റുകയായിരുന്നു. തുടർന്നാണ് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലിപാഡ് തയ്യാറാക്കിയത്. രാവിലെയാണ് ഹെലിപാഡിൻ്റെ കോൺക്രീറ്റ് നിർമ്മാണം പൂർത്തിയായത്. പ്രതലം പൂർണ്ണമായും ഉറയ്ക്കാത്തതാണ് ടയറുകൾ താഴാൻ കാരണം.

Related Stories

No stories found.
Times Kerala
timeskerala.com