രാഷ്ട്രപതി ഇന്ന് കേരളത്തിൽ എത്തും: നാളെ ശബരിമല ദർശനം നടത്തും, സുരക്ഷ ശക്തമാക്കി, ഗതാഗത നിയന്ത്രണം | President

തീർത്ഥാടകർക്ക് നാളെ നിയന്ത്രണം ഉണ്ടാകും.
രാഷ്ട്രപതി ഇന്ന് കേരളത്തിൽ എത്തും: നാളെ ശബരിമല ദർശനം നടത്തും, സുരക്ഷ ശക്തമാക്കി, ഗതാഗത നിയന്ത്രണം | President
Published on

തിരുവനന്തപുരം: ശബരിമല ദർശനമുൾപ്പെടെ നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് സംസ്ഥാനത്തെത്തും. വൈകീട്ട് 6.20ന് ദില്ലിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി രാജ്ഭവനിലാണ് താമസിക്കുക.(President Draupadi Murmu to arrive in Kerala today)

നാളെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പോകുന്നത്. രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വ്യോമസേനാ ഹെലികോപ്റ്ററിൽ രാഷ്ട്രപതി നിലയ്ക്കലിലേക്ക് തിരിക്കും. 10.20ന് നിലയ്ക്കലെത്തുന്ന രാഷ്ട്രപതി റോഡ് മാർഗം പമ്പയിലെത്തും. പമ്പ ഗണപതി ക്ഷേത്രത്തിൽ കെട്ട് നിറച്ച ശേഷം, പ്രത്യേക ഗൂർഖാ ജീപ്പിലാണ് അകമ്പടി വാഹനവ്യൂഹം ഒഴിവാക്കി മലകയറുക. സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് മലകയറ്റം. ഗവർണറും ഭാര്യയും രാഷ്ട്രപതിക്ക് ഒപ്പമുണ്ടാകും.

പന്ത്രണ്ട് മണിയോടെ സന്നിധാനത്തെത്തുന്ന രാഷ്ട്രപതി ദർശനത്തിന് ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ തങ്ങും. ഉച്ചഭക്ഷണത്തിന് ശേഷം മൂന്ന് മണിക്ക് പമ്പയിലേക്ക് മടങ്ങും. രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് നാളെ നിയന്ത്രണം ഉണ്ടാകും. നിലയ്ക്കൽ മുതൽ സന്നിധാനം വരെ സുരക്ഷാ ട്രയൽ റൺ ഇന്ന് നടക്കും.

തലസ്ഥാനത്ത് ഗതാഗത, പാർക്കിംഗ് നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ദർശനം കഴിഞ്ഞ് മടങ്ങിയെത്തുന്ന രാഷ്ട്രപതിക്ക് നാളെ വൈകീട്ട് ഗവർണർ രാജ്ഭവനിൽ അത്താഴ വിരുന്നൊരുക്കും.

ഒക്ടോബർ 23 രാവിലെ പത്തിന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. ഉച്ചയ്ക്ക് പന്ത്രണ്ടിന് ശിവഗിരിയിൽ ശ്രീനാരായണ ഗുരു സമാധി ശതാബ്ദി പരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് മൂന്നരയോടെ ഹെലികോപ്റ്റർ മാർഗം പാലായിലേക്ക് പോകുന്ന രാഷ്ട്രപതി സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം കുമരകത്ത് തങ്ങും.

ഒക്ടോബർ 24ന് എറണാകുളത്ത് സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. വൈകീട്ട് നാലേ കാലോടെ ഡൽഹിക്ക് മടങ്ങും.

Related Stories

No stories found.
Times Kerala
timeskerala.com