ആന്തരിക രക്തസ്രാവം, നട്ടെല്ലും വാരിയെല്ലുകളും തകർന്നു: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിൻ്റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് | Wild elephant

കുടുംബത്തിന് ധനസഹായവും ജോലി വാഗ്ദാനവും
ആന്തരിക രക്തസ്രാവം, നട്ടെല്ലും വാരിയെല്ലുകളും തകർന്നു: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിൻ്റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് | Wild elephant
Updated on

പാലക്കാട്: കടുവാ സെൻസസിനിടെ അട്ടപ്പാടി പുതൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്തുവന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.(Preliminary postmortem report of Kalimuthu, who was killed in a wild elephant attack, released)

കാട്ടാനയുടെ ആക്രമണത്തിൽ കാളിമുത്തുവിന്റെ നട്ടെല്ലും വാരിയെല്ലുകളും തകർന്നിരുന്നു. കൂടാതെ, ആന്തരിക അവയവങ്ങൾക്കെല്ലാം ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ട്. ആന പിന്നിൽ നിന്നും തുമ്പിക്കൈകൊണ്ട് എറിഞ്ഞതിന്റെയും നെഞ്ചിൽ ചവിട്ടിയതിന്റെയും ക്ഷതങ്ങൾ ശരീരത്തിൽ ഉണ്ടെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് അട്ടപ്പാടി പുതൂരിൽ മുള്ളി വനമേഖലയിൽ വെച്ച് കാളിമുത്തു കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാളിമുത്തു, പുതൂർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ. കണ്ണൻ, വനം വാച്ചർ അച്ചുതൻ എന്നിവരടങ്ങിയ മൂന്നംഗ സംഘമാണ് കടുവാ സെൻസസിനായി വനത്തിനുള്ളിലെത്തിയത്. കാട്ടിനുള്ളിൽ വെച്ച് ഇവർ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് കാളിമുത്തുവിനെ കാട്ടാന ആക്രമിച്ചത്.

കാളിമുത്തുവിന്റെ മകൻ അനിൽകുമാറിന് വനം വകുപ്പിൽ താൽക്കാലിക ജോലി നൽകാൻ തീരുമാനമായതായി വനംവകുപ്പ് അറിയിച്ചു. കൂടാതെ, കുടുംബത്തിന് നൽകേണ്ട ആദ്യഘട്ട നഷ്ടപരിഹാരത്തുക നാളെ (ഡിസംബർ 8) കൈമാറുമെന്നും അധികൃതർ അറിയിച്ചു. ഇന്ന് മൂന്ന് മണിയോടെ കാളിമുത്തുവിന്റെ മൃതദേഹം സംസ്കരിക്കും.

Related Stories

No stories found.
Times Kerala
timeskerala.com