പാലക്കാട്: അട്ടപ്പാടി ആഞ്ചക്കൊമ്പ് ഉന്നതിയിലെ വള്ളിയമ്മ കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റതിനെ തുടർന്നാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഈ കൊലപാതകം നടത്തിയത് താനാണെന്ന് കസ്റ്റഡിയിലുള്ള വള്ളിയമ്മയുടെ പങ്കാളിയായ പഴനി പോലീസിനോട് സമ്മതിച്ചിരുന്നു.(Preliminary postmortem report in Attappadi woman murder case)
നെറ്റിക്ക് മുകളിൽ തലയോട്ടിയിലേറ്റ പൊട്ടൽ ആണ് മരണകാരണം. ശരീരത്തിൽ പലയിടങ്ങളിലായി മൽപ്പിടുത്തത്തിൻ്റെ പാടുകളും മുറിവുകളും ഉണ്ട്. വള്ളിയമ്മയുടെ മരണം കൊലപാതകമാണെന്ന് റിപ്പോർട്ട് ഉറപ്പിക്കുന്നു.
വിറകു ശേഖരിക്കാനെന്ന വ്യാജേന ഉൾക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി വിറകുകൊള്ളി കൊണ്ട് തലയ്ക്കടിച്ച് കൊന്നതാണെന്ന് പഴനി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മരണം ഉറപ്പാക്കിയതിന് പിന്നാലെ അന്ന് തന്നെ മൃതദേഹം ഭാഗികമായി കുഴിച്ചുമൂടി. രണ്ട് ദിവസത്തിന് ശേഷം തൂമ്പയുമായെത്തി തൊട്ടടുത്ത് മറ്റൊരു കുഴിയെടുത്ത് മൃതദേഹം പൂർണ്ണമായി മൂടി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 17 മുതൽ വള്ളിയമ്മയെ കാണാനില്ലെന്ന മക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. പഴനി ജൂലൈയിൽ മറ്റൊരു കേസിൽ ജയിലിലായിരുന്ന സമയത്ത് ജാമ്യത്തിലിറക്കിയത് വള്ളിയമ്മയായിരുന്നു.
ഇതിനു പിന്നാലെ വള്ളിയമ്മയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അടുത്ത ദിവസം റിമാൻഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.