കോഴിക്കോട്: താമരശ്ശേരിയിൽ എട്ടുമാസം ഗർഭിണിയായ യുവതിയെ അതിക്രൂരമായി മർദിക്കുകയും ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി പെരുവില്ലി സ്വദേശി ഷാഹിദ് റഹ്മാനെയാണ് പോലീസ് പിടികൂടിയത്. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.(Pregnant woman burned with iron box in Kozhikode, Partner arrested)
കൊണ്ടോട്ടി സ്വദേശിയായ യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്. ഒരു വർഷം മുമ്പ് ഷാഹിദ് റഹ്മാനോടൊപ്പം പ്രണയിച്ച് വീടുവിട്ടിറങ്ങിയതായിരുന്നു യുവതി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഷാഹിദ് യുവതിയെ മുറിയിൽ അടച്ചിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ശരീരമാസകലം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു. വടികൊണ്ട് മർദിച്ചതിന്റെ പാടുകളും ശരീരത്തിലുണ്ട്. എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റ യുവതിക്ക് ദിവസങ്ങളോളം ഭക്ഷണവും നൽകിയിരുന്നില്ല.
മുൻപ് നടന്ന മർദനത്തിന് പോലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യമാണ് വീണ്ടും ക്രൂരമായി ആക്രമിക്കാൻ കാരണമെന്ന് യുവതി മൊഴി നൽകി. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷാഹിദ് റഹ്മാനെ ഇന്നലെ രാത്രിയോടെയാണ് പോലീസ് കണ്ടെത്തിയത്. ഷാഹിദ് മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് സംശയിക്കുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് പരിക്കേറ്റ യുവതിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.