കൊച്ചിയിലെ പ്രമുഖ മൾട്ടി ഡിസിപ്ലിനറി സെന്ററായ, പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്‌മെന്റ്, ലോക ഒക്യുപേഷണൽ തെറാപ്പി ദിനം ആഘോഷിച്ചു. ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ (ASD), അറ്റൻഷൻ-ഡെഫിസിറ്റ്/ഹൈപ്പർആക്റ്റിവിറ്റി ഡിസോർഡർ (ADHD), വളർച്ച സംബന്ധമായ വെല്ലുവിളികൾ എന്നിവയുള്ള കുട്ടികൾക്കായി ഒരു മാസത്തെ സൗജന്യ രോഗനിർണയത്തിനും ചികിത്സയ്ക്കും കൂടി തുടക്കം കുറിച്ചു. തൃക്കാക്കര എം.എൽ.എ. ഉമ തോമസാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
ഭിന്നശേഷിയുള്ള കുട്ടികളെ ചേർത്തുപിടിക്കുന്നതിൽ, പ്രയത്ന നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണെന്ന് ഉമ തോമസ് എംഎൽഎ പറഞ്ഞു. ഇതിലൂടെ ഭിന്നശേഷിയുള്ള കുട്ടികളെ മാത്രമല്ല, അവരുടെ കുടുംബങ്ങളെ കൂടിയാണ് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നത്. വലിയ അപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കുന്നതോടൊപ്പം, അവരെ സാധാരണ ജീവിതം നയിക്കാൻ പ്രാപ്തരാക്കേണ്ടതും അനിവാര്യമാണ്. അതിൽ ഒക്യുപേഷണൽ തെറാപ്പിക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും, ഈ മേഖലയെ കുറിച്ച് കൂടുതൽ അവബോധം ജനങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്നും ഉമ തോമസ് വ്യക്തമാക്കി.
കുട്ടികൾക്കുള്ള സൗജന്യ പരിശോധന, ഓൺലൈനായും ഓഫ്‌ലൈനായും ലഭ്യമാകും. എഡിഎച്ച്ഡി, ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ, വളർച്ച പ്രശ്നങ്ങൾ എന്നിവയുള്ള കുട്ടികളെ തുടക്കത്തിൽ തന്നെ ഒക്യുപേഷണൽ തെറാപ്പിക്ക് വിധേയമാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്, ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക കൂടിയാണ്, ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓൺലൈൻ കൺസൾട്ടേഷന് ശേഷം, കൂടുതൽ വിശദമായ പരിശോധനകളും ചികിത്സയും ആവശ്യമെങ്കിൽ, രക്ഷിതാക്കൾക്ക് കുട്ടികളുമായി നേരിട്ട് പ്രയത്ന സെന്റർ സന്ദർശിക്കാവുന്നതാണ്.
കുട്ടികളുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി, വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന പ്രായോഗിക വിദ്യകൾ രക്ഷിതാക്കളെ പരിശീലപ്പിക്കുന്ന രീതിയിൽ കൂടിയാണ് ഒരു മാസത്തെ പരിപാടികൾ രൂപകൽപന ചെയ്തിരിക്കുന്നതെന്ന്, പ്രയത്നയുടെ സ്ഥാപകനും ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷൻ ഓണററി സെക്രട്ടറിയുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി പറഞ്ഞു.
ശാരീരികവും, വൈജ്ഞാനികവും, വിവേകസംബന്ധവുമായ കഴിവുകൾ മെച്ചപ്പെടുത്തുന്നതിൽ ഒക്യുപേഷണൽ തെറാപ്പി സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. പഠനസംബന്ധവും വികസനപരവുമായ ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തികൾക്ക്, ഇത് ഏറെ സഹായകമാണ്. കുട്ടികൾ അവരുടെ ദൈനംദിന ജീവിതത്തിലും മറ്റു മേഖലകളിലും നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിയാൻ, ചെറിയ പ്രായത്തിൽ തന്നെയുള്ള പരിശോധനകൾ നിർണായകമാണ്. കുട്ടികളിൽ എഡിഎച്ച്ഡി, ഓട്ടിസം സാധ്യതകൾ നേരത്തെ കണ്ടെത്തി വ്യക്തിഗത ഇടപെടലുകൾ നടത്താനായാൽ, അവരുടെ ജീവിതനിലവാരം ഏറെ മെച്ചപ്പെടുത്താനാകും. അത് അവരുടെ സ്വാശ്രയത്വത്തിനുള്ള തടസ്സങ്ങൾ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ആഘോഷങ്ങളുടെ ഭാഗമായി, ഓട്ടിസം, എഡിഎച്ച്ഡി കുട്ടികളുടെ ചികിത്സയിൽ, ഒക്യുപേഷണൽ തെറാപ്പിയുടെ പ്രാധാന്യത്തെക്കുറിച്ച് സെമിനാറും സംഘടിപ്പിച്ചിരുന്നു. ഒക്യുപേഷണൽ തെറാപ്പി മേഖലയിലെ സംഭാവനകൾക്ക്, പ്രയത്നയിലെ ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളെ എം.എൽ.എ. മൊമന്റോകൾ നൽകി ആദരിക്കുകയും ചെയ്തു.
സൗജന്യ സ്ക്രീനിംഗ് ക്യാമ്പിനുള്ള അപ്പോയിന്റ്മെന്റുകൾക്കായി വിളിക്കുക: 95445 30555.