
ബിഗ് ബോസ് മലയാളം സീസണ്‍ 7ല്‍ നിന്നും രണ്ട് മത്സരാര്‍ത്ഥികള്‍ കൂടി കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ പുറത്തുപോയി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലേക്കെത്തിയ പ്രവീണും മസ്‌താനിയുമാണ് 42-ാം ദിവസം പുറത്തുപോയത്. ഇതിൽ പ്രവീണിന്‍റെ എവിക്ഷന്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അനീഷിന് ശേഷം കോമണറായി വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് ഹൗസിലെത്തിയ മത്സരാര്‍ത്ഥിയായിരുന്നു പ്രവീണ്‍. കഴിഞ്ഞ ദിവസത്തെ എപ്പിഡോസില്‍ മോഹന്‍ലാല്‍ എവിക്ഷന്‍ റിസള്‍ട്ട് പറഞ്ഞതും പ്രവീണ്‍ ഞെട്ടുന്നത് കാണാം.
"വളരെ സങ്കടത്തോടെ പറയുകയാണ്..പ്രവീണ്‍ എവിക്‌ടഡ് ആണ്..പ്രവീണിന് എന്‍റെ അടുത്തേയ്‌ക്ക് വരാം..", മോഹന്‍ലാല്‍ ഇപ്രകാരം പറയുമ്പോള്‍ പ്രവീണ്‍ ഞെട്ടുന്നുണ്ട്. ഇത് കേട്ട് മസ്‌താനി വിഷമിച്ചിരിക്കുകയും പ്രവീണിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയും ചെയ്യുന്നു.
ബിബി ഹൗസിന് പുറത്തിറങ്ങി മോഹന്‍ലാലിന്‍റെ അടുത്തെത്തിയപ്പോള്‍ 'തനിക്ക് ഈ എവിക്ഷന്‍ ഷോക്കായി പോയി' എന്ന് പ്രവീണ്‍ പ്രതികരിച്ചിരുന്നു. ഒരു റോളര്‍ കോസ്‌റ്റര്‍ റൈഡ് ആയിരുന്നു ബിഗ് ബോസ് എന്നും പ്രവീണ്‍ പറഞ്ഞു. പ്രേക്ഷകരോട് എന്താണ് പറയാനുള്ളതെന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ മികച്ച മറുപടിയും പ്രവീണ്‍ നല്‍കി.
"എന്നെക്കാള്‍ ആക്റ്റീവ് അല്ലാത്തവര്‍ ആ വീടിനകത്ത് ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. വീട്ടിലുള്ളവരോട് ഇതുവരെ സംസാരിക്കാത്തവരും ആ വീടിനകത്ത് ഉണ്ട്. പക്ഷേ ഞാൻ എല്ലാവരോടും മിംഗിള്‍ ചെയ്‌ത് എല്ലാ ആക്റ്റിവിറ്റികളിലും 100 ശതമാനം കൊടുത്തിട്ടുണ്ട്. പക്ഷേ എല്ലാം പ്രേക്ഷകരുടെ വോട്ടിംഗിലാണ്. എനിക്ക് പ്രേക്ഷകരോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ, ദൈവത്തെ ഓര്‍ത്ത് ഗെയിം കളിക്കുന്നവരെ മാത്രം അവിടെ നിലനിര്‍ത്തുക. അല്ലെങ്കില്‍ എന്നെപ്പോലുള്ളവര്‍ ഔട്ടായിപ്പോകും." - എന്നാണ് പ്രവീണ്‍ പറഞ്ഞത്. പോകാന്‍ നേരം പ്രവീണിനോട് വിഷമിക്കേണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രവീണ്‍ പ്രതികരിച്ചു. തനിക്ക് മോഹന്‍ലാലിന്‍റെ ഹഗ് കിട്ടിയ സന്തോഷവും പ്രവീണ്‍ പങ്കുവച്ചു. "എനിക്ക് ലാലേട്ടന്‍റെ ഹഗ് കിട്ടി. അതുതന്നെ ഭയങ്കര ഭാഗ്യമാണ്. കാരണം എന്‍ട്രി സമയത്ത് എനിക്കൊരു ഹഗ് കിട്ടണമെന്ന് ഭയങ്കര ആഗ്രഹം ഉണ്ടായിരുന്നു. ലാലേട്ടനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മയൊക്കെ കൊടുത്തിട്ട് വരണം എന്നുണ്ടായിരുന്നു. ആ ഹഗ് എല്ലാം എനിക്ക് കിട്ടി," -പ്രീവണ്‍ പറഞ്ഞു.
എന്തുകൊണ്ട് താന്‍ എവിക്‌ടഡ് ആയി എന്നുള്ള കാര്യം തനിക്കറിയില്ലെന്നാണ് പ്രവീണ്‍ പറയുന്നത്. ലാലേട്ടന്‍ അത് പറയുമ്പോള്‍ താന്‍ ഭയങ്കര ഷോക്ക്‌ഡ് ആയിരുന്നുവെന്നും പ്രവീണ്‍ പറഞ്ഞു.
"എനിക്ക് വിചാരിച്ച പോലെ...എന്‍റെ ഗെയിം സ്‌റ്റാര്‍ട്ട് ചെയ്‌തത് ചൊവ്വാഴ്‌ച്ച മുതലാണ്. കാരണം ആ സമയത്താണ് കൂടുതല്‍ കോണ്ടന്‍റുകള്‍ ഔട്ട് ആയതും. ഞാന്‍ അപ്പോഴാണ് കിച്ചണ്‍ ക്യാപറ്റണ്‍ ആയതും. അവിടെയാണ് ഏറ്റവും കൂടുതല്‍ കോണ്ടന്‍റ് എനിക്ക് ജെനറേറ്റ് ചെയ്യാന്‍ പറ്റിയതും. പക്ഷേ അപ്പോഴേക്കും ഞാന്‍ പുറത്തായി", - പ്രവീണ്‍ പറഞ്ഞു.