
കൊല്ലം : തേവലക്കര സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർഥി മിഥുന് ഷോക്കേറ്റ വൈദ്യുതി ലൈൻ മാറ്റി കെഎസ്ഇബി. സ്കൂളിന്റെ മുകളിലൂടെ കടന്ന് പോയ വൈദ്യുത ലൈനാണ് കെഎസ്ഇബി ജീവനക്കാർ മാറ്റുന്നത്. ഇതേ തുടർന്ന് പ്രദേശത്ത് മണിക്കൂറുകൾ വൈദ്യുത തടസമുണ്ടായതിൽ നാട്ടുകാർ വലിയ പ്രതിഷേധം നടത്തുകയായണ്. വൈദ്യുതി ലൈൻ പൂർണമായും വിച്ഛേദിച്ചതിന് ശേഷം മാത്രമേ പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിക്കൂവെന്ന് കെഎസ്ഇബി അറിയിച്ചു.
മിഥുന്റെ ജീവനെടുത്ത അപകടത്തിൽ വിദ്യാഭ്യാസ- വൈദ്യുതി വകുപ്പ് മന്ത്രിമാർ വീഴ്ച സമ്മതിച്ചു. സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കും ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ- വൈദ്യുതി വകുപ്പുകളുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേ സമയം, സ്കൂളിൽവച്ച് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ഡപ്യൂട്ടി ചീഫ് എൻജിനീയർ സർക്കാരിനു പ്രാഥമിക റിപ്പോർട്ട് കൈമാറി. വൈദ്യുതി ലൈനിനു താഴെ അനധികൃതമായി സൈക്കിൾ ഷെഡ് സ്ഥാപിച്ചതാണ് അപകടത്തിനു കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ലൈനിന് താഴെ നിർമാണം നടത്തുന്നതിന് വൈദ്യുതി വകുപ്പിന്റെ അനുമതി വേണം. ഇതു ലഭിച്ചിട്ടില്ല. ഷെഡും ലൈനും തമ്മിൽ ആവശ്യമായ അകലം ഇല്ലായിരുന്നുവെന്നും വൈദ്യുതി മന്ത്രിക്ക് കെഎസ്ഇബി ഡപ്യൂട്ടി ചീഫ് എൻജിനീയർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.