പാലക്കാട് : പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവ് വിധിച്ച് കോടതി. ഇയാൾ നടത്തിയ ഇരട്ടക്കൊലയെക്കുറിച്ചും കോടതി പരാമർശിച്ചു. സജിത വധക്കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസല്ല എന്നാണ് കോടതി പറഞ്ഞത്. പ്രതി കുറ്റക്കാരൻ ആണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന വാദത്തിന് ശേഷമാണ് കോടതി ഇന്ന് ശിക്ഷാവിധി പ്രഖ്യാപിച്ചത്. (Pothundy Sajitha murder case)
ശിക്ഷ വിധിച്ചത് രണ്ടു വകുപ്പുകളിലായാണ്. കൊലപാതകത്തിനും (302) അതിക്രമിച്ചു കടക്കലിനും (449)നും. 3.25 ലക്ഷം പിഴയും വിധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിച്ചതിന് 5 വർഷം തടവും, കാൽ ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. ഇയാൾ കുറ്റം ആവർത്തിക്കാൻ സാധ്യത ഉള്ളതിനാൽ പരോൾ നൽകിയാൽ സാക്ഷികൾക്കും ഇരകൾക്കും പൂർണ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് കോടതി ഉത്തരവിട്ടു. കൂടാതെ, പ്രതിയുടെ മാനസിക നില ഭദ്രമെന്നും സ്വഭാവം മാറുമെന്നോ നല്ലവനാകുമെന്നോ പ്രതീക്ഷയില്ലെന്നും സജിതയുടെ മക്കള്‍ക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു. ചെന്താമര പിഴ തുക നൽകുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാൽ തന്നെ ലീഗൽ സര്‍വീസ് അതോറിറ്റി സജിതയുടെ മക്കളുടെ പുനരധിവാസം ഉറപ്പാക്കണമെന്നും പണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
നടപടി പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ്. ഇയാൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ എല്ലാം തെളിഞ്ഞു. കൊലയ്ക്ക് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങളെല്ലാം തെളിഞ്ഞു. പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടത് ഇയാൾക്ക് വധശിക്ഷ നൽകണം എന്നാണ്.
കൊലയ്ക്ക് പിന്നാലെ ഇരട്ടക്കൊല നടത്തിയ കാര്യം കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്റെ വാദം രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ശിക്ഷ പരാമർശിച്ചായിരുന്നു. പരോൾ പോലും അനുവദിക്കാതെ ശിക്ഷ ലഭിക്കണമെന്നും ഇവർ വാദിച്ചു.
എന്നാൽ, ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസല്ല എന്നും, ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുത് എന്നും പ്രതിഭാഗം വാദിച്ചു. ഒരു തെളിവും ഇല്ലാത്ത കേസാണ് ഇതെന്നും, ശിക്ഷയിൽ ഇളവ് വേണമെന്നും, മുമ്പ് ക്രിമിനൽ പശ്ചാത്തലമില്ലാതിരുന്ന ആളായിരുന്നു ചെന്താമരയെന്നും പ്രതിഭാഗം കോടതിയോട് പറഞ്ഞു.
ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് പ്രതി നെന്മാറ ഇരട്ടക്കൊലപാതകം നടത്തിയത്. 6 വർഷങ്ങൾക്ക് ശേഷം വിചാരണ നടപടികൾ പൂർത്തിയാക്കിയാണ് കോടതി വിധി പറയുന്നത്. 2019 ഓഗസ്റ്റ് 31നാണ് ഇയാൾ സജിതയെ കൊലപ്പെടുത്തിയത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണമായി എന്ന് പറഞ്ഞായിരുന്നു ഇവരെ ഇയാൾ വെട്ടിക്കൊന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയതിന് ശേഷം ഇയാൾ ഇവരുടെ ഭർത്താവിനെയും അമ്മയെയും കൊലപ്പെടുത്തി