പാലക്കാട് : പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരൻ ആണെന്ന് വിധിച്ച് കോടതി. മറ്റന്നാളായിരിക്കും കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. നടപടി പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ്. ഇയാൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ എല്ലാം തെളിഞ്ഞു.(Pothundy Sajitha murder case)
കൊലയ്ക്ക് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങളെല്ലാം തെളിഞ്ഞു. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന ചോദ്യത്തിന് ഒന്നുമില്ല എന്നായിരുന്നു ചെന്താമരയുടെ മറുപടി. യാതൊരു കൂസലുമില്ലാതെയാണ് ഇയാൾ വിധി കേട്ടുനിന്നത്. പുറത്തിറക്കിയപ്പോഴും ഇയാൾ പ്രതികരിച്ചില്ല.
വിധി കേൾക്കാനായി സജിതയുടെ മക്കളും എത്തിയിരുന്നു. രാവിലെ 10.45ഓടെ തന്നെ പ്രതിയെ കോടതിയിൽ എത്തിച്ചു. ഇയാൾ പുറത്തിറങ്ങിയാൽ സമാധാനമായി ജീവിക്കാൻ കഴിയില്ല എന്നും, ജീവന് ഭീഷണി ഉണ്ടെന്നും അഖിലയും അതുല്യയും പറഞ്ഞിരുന്നു.
അതേസമയം, പോത്തുണ്ടി സജിത കൊലക്കേസിലെ പ്രധാന സാക്ഷി നാടുവിട്ടു. ഇവർ കേസിലെ പ്രതി ചെന്താമരയെ ഭയന്നാണ് തമിഴ്‌നാട്ടിലേക്ക് പലായനം ചെയ്തത്. കേസ് അന്വേഷണത്തിൽ നിർണായകമായ മൊഴി നൽകിയ പുഷ്പയ്ക്ക് പ്രതിയുടെ ഭീഷണി ഉണ്ടായിരുന്നു. ഇവരെ കൊല്ലുമെന്ന് ഇയാൾ പലതവണ ഭീഷണി മുഴക്കി. സജിതയുടെ വീട്ടിൽ നിന്ന് കൊലയ്ക്ക് ശേഷം ഇയാൾ വരുന്നത് പുഷ്പയാണ് കണ്ടത്. തങ്ങളുടെ ജീവന് പോലും ഭീഷണിയുണ്ടെന്നു പറയുന്ന സജിതയുടെ മക്കൾ, ഇനിയെങ്ങോട്ടാണ് ഓടിയൊളിക്കണ്ടത് എന്നും ചോദിക്കുന്നു.
ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് പ്രതി നെന്മാറ ഇരട്ടക്കൊലപാതകം നടത്തിയത്. 6 വർഷങ്ങൾക്ക് ശേഷം വിചാരണ നടപടികൾ പൂർത്തിയാക്കിയാണ് കോടതി വിധി പറയുന്നത്. 2019 ഓഗസ്റ്റ് 31നാണ് ഇയാൾ സജിതയെ കൊലപ്പെടുത്തിയത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണമായി എന്ന് പറഞ്ഞായിരുന്നു ഇവരെ ഇയാൾ വെട്ടിക്കൊന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയതിന് ശേഷം ഇയാൾ ഇവരുടെ ഭർത്താവിനെയും അമ്മയെയും കൊലപ്പെടുത്തി.