
കേരളത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് പോതമേട് വ്യൂ പോയിൻ്റ്. പച്ച പുതച്ചു കിടക്കുന്ന തേയില തോട്ടങ്ങൾ, മേഘങ്ങൾ തഴുകി ഉണർത്തുന്ന കുന്നിൻ ചരുവുകൾ, തീർത്തും അനശ്വരമാണ് പോതമേട് വ്യൂ പോയിൻ്റിലെ (Pothamedu view point) കാഴ്ചകൾ. മൂന്നാർ (Munnar നഗരത്തിൻ്റെ ഹൃദയഭാഗത്ത് നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെയാണ് പോതമേട് വ്യൂ പോയിൻ്റ് സ്ഥിതിചെയ്യുന്നത്. പ്രകൃതിരമണീയമായ വ്യൂപോയിൻ്റ് സന്ദർശകർക്ക് ചുറ്റുമുള്ള ഭൂപ്രകൃതിയുടെ സമാനതകളില്ലാത്ത മനോഹാരിത പ്രദാനം ചെയ്യുന്നു.
ഇടുക്കിയിലെ തന്നെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് പോതമേട് വ്യൂ പോയിൻ്റ്. പോതമേട്ടിലേക്കുള്ള വളഞ്ഞുപുളഞ്ഞ വഴികളിലൂടെ നീങ്ങുമ്പോൾ കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന പച്ചപ്പ് നിങ്ങളെ സ്വാഗതം ചെയ്യുന്നു. നിബിഡ വനങ്ങളും തേയിലത്തോട്ടങ്ങളും നിറഞ്ഞ പച്ചപരവതാനി വിരിച്ച കുന്നുകൾ, കുന്നുകളുടെ ദൃശ്യഭംഗി മൂടികെട്ടിയ മൂടൽമഞ്ഞ് മലഞ്ചെരിവുകളെ മൃദുവായി തഴുകിക്കൊണ്ടിരിക്കുന്ന കാഴ്ച സ്വർഗ്ഗതുല്യമാണ്.
സൂര്യോദയത്തിൻ്റെയും സൂര്യാസ്തമയത്തിൻ്റെയും മാസ്മരിക ദൃശ്യങ്ങൾ കാണാനുള്ള അവസരമാണ് പോതമേട് വ്യൂ പോയിൻ്റിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. പ്രഭാതത്തിൻ്റെ ആദ്യ കിരണങ്ങൾ ചക്രവാളത്തിൽ നിന്നും പൊട്ടിവീഴുമ്പോൾ, മുഴുവൻ ഭൂപ്രകൃതിയും സ്വർണ്ണ നിറത്തിൻ്റെ ശോഭയിൽ അലിഞ്ഞു ചേരുന്നു. പക്ഷികളുടെ ചിലമ്പും കാറ്റിൻ്റെ മർമരവും കുന്നുകൾക്ക് ജീവൻ്റെ തുടിപ്പ് സമ്മാനിക്കുന്നു.
വൈകുന്നേരങ്ങളിൽ സൂര്യൻ അസ്തമിക്കാൻ തുടങ്ങുമ്പോൾ ഒരു ചിത്രകാരൻ്റെ ക്യാൻവാസിലെ ചായങ്ങൾ പോലെ മഞ്ഞയും, ചുവപ്പും, ഓറഞ്ചും, നിറത്തിൽ കലരുന്ന ആകാശം.കുന്നിൻ ചരുവുകൾ ശാന്തതയിലേക്ക് അമരുവാൻ തുടങ്ങുമ്പോൾ, കുങ്കുമപൊട്ടായി മാറിയ സൂര്യൻ പതിയെ മായാൻ ആരംഭിക്കുന്നു.ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ നിമിഷത്തിന് സാക്ഷ്യം വരിക്കേണ്ടത് അനിവാര്യമാണ്. പ്രകൃതിയുടെ ദൃശ്യവിസ്മയത്തെ തൊട്ടറിയുവാൻ സഞ്ചാരികളെ പോതമേട് വ്യൂ പോയിൻ്റ് സ്വാഗതം ചെയ്യുന്നു.
പോതമേട് വ്യൂ പോയിൻ്റ് സന്ദർശകർക്ക് മൂന്നാറിലെ തേയില കൃഷിയുടെ ആകർഷകമായ ലോകത്തേക്ക് ഒരു നേർക്കാഴ്ച സമ്മാനിക്കുന്നു. വ്യൂപോയിൻ്റിന് താഴെ ഒരു മെത്ത പോലെ വ്യാപിച്ചുകിടക്കുന്ന തേയിലത്തോട്ടങ്ങൾ ആകർഷകമായ ഒരു അനുഭൂതി സന്ദർശകർക്ക് നൽകുന്നു. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന തേയില കുറ്റിക്കാടുകളുടെ നിരകൾ. സന്ദർശകർക്ക് തേയിലത്തോട്ടങ്ങളിലൂടെ ആയാസരഹിതമായി സഞ്ചരിക്കുവാനും, പ്രാദേശിക തൊഴിലാളികളിൽ നിന്ന് തേയില ഉൽപാദനത്തിൻ്റെ സങ്കീർണ്ണതകളെക്കുറിച്ച് അടുത്തറിയുവാനുമുള്ള അവസരം ലഭിക്കുന്നു.
ട്രക്കിംഗും ഹൈക്കിംഗും താൽപര്യപ്പെടുന്ന സഞ്ചാരികൾ ചെന്ന് എത്തേണ്ട ഇടം തന്നെയാണ് ഇവിടം. സമീപത്തെ കുന്നുകളിലേക്കും കാടുകളിലേക്കും ഉള്ള ട്രക്കിംഗ് പോതമേട്ടിൽ നിന്ന് നിങ്ങളുടെ യാത്ര ആരംഭിക്കുന്നതിനുള്ള മറ്റൊരു മികച്ച മാർഗ്ഗമാണ്. പല ഹൈക്കിംഗ് റൂട്ടുകളും തേയിലത്തോട്ടങ്ങളിലൂടെ കടന്നുപോകുന്നു, ഇത് പ്രദേശത്തിൻ്റെ എല്ലാ പ്രകൃതി ഭംഗിയും അനുഭവിക്കാൻ വിനോദസഞ്ചാരികൾക്ക് അവസരമൊരുക്കുന്നു. പോതമേടും പരിസരവും പക്ഷിനിരീക്ഷകരുടെ സ്വർഗ്ഗമാണ്, ചൂളക്കാക്ക, നീലഗിരി പാറ്റപിടിയൻ എന്നിങ്ങനെ വൈവിധ്യമാർന്ന പക്ഷികളുടെ സങ്കേതം കൂടിയാണ് ഇവിടം. വിനോദസഞ്ചാരികൾക്ക് നഗര ജീവിതത്തിൻ്റെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറി വിശ്രമിക്കാനും പ്രകൃതിയുമായി വീണ്ടും ബന്ധപ്പെടാനും കഴിയുന്ന സമാധാനപരവും ശാന്തവുമായ അന്തരീക്ഷം പോതമേട് പ്രദാനം ചെയ്യുന്നു. കേരളത്തിൻ്റെ പ്രകൃതി ഭംഗിയിൽ മുഴുകാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും മൂന്നാറിലെ പോതമേട് വ്യൂ പോയിൻ്റ് മനോഹരമായ അനുഭവങ്ങൾ സമ്മാനിക്കുന്നു.
സന്ദർശിക്കാൻ ഉചിതമായ സമയം
പോതമേട് വ്യൂ പോയിൻ്റ് സന്ദർശിക്കുവാനായി മികച്ച സമയം ഓഗസ്റ്റ് മുതൽ മെയ് വരെയാണ്.
സന്ദർശിക്കേണ്ട സമീപ സ്ഥലങ്ങൾ
പോതമേട് വ്യൂ പോയിൻ്റ് സമീപത്ത് സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങൾ ആറ്റുകാൽ വെള്ളച്ചാട്ടം, തേയിലത്തോട്ടങ്ങൾ, കുണ്ടള ഡാം തടാകം, ബ്ലോസം ഹൈഡൽ പാർക്ക്.
പോതമേട് വ്യൂ പോയിൻ്റിൽ എങ്ങനെ എത്തിച്ചേരാം :
വിമാനമാർഗ്ഗം: 110 കിലോമീറ്റർ അകലെയുള്ള കൊച്ചി വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
തീവണ്ടി മാർഗ്ഗം: 100 കിലോമീറ്റർ അകലെയുള്ള ആലുവ റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.