തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാനാർത്ഥികളുടെ മരണത്തെത്തുടർന്ന് മാറ്റിവെച്ച മൂന്ന് തദ്ദേശ വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലാണ് പോളിങ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും.(Postponed Voting in 3 local wards happening today)
തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിൽ വിഴിഞ്ഞം ഡിവിഷനിലെ ഫലം ബിജെപിക്ക് അതീവ നിർണ്ണായകമാണ്. 101 അംഗ കൗൺസിലിൽ 50 സീറ്റുകൾ നേടിയ ബിജെപി, ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് നിലവിൽ ഭരണം ഉറപ്പിച്ചത്. വിഴിഞ്ഞം കൂടി പിടിച്ചെടുക്കാനായാൽ 51 എന്ന മാന്ത്രിക സംഖ്യയിൽ എത്തി സ്വന്തം നിലയ്ക്ക് ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കും.
സിപിഎമ്മിന്റെ സിറ്റിങ് വാർഡായ ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥിയായി എൻ. നൗഷാദും യുഡിഎഫിനായി കെ.എച്ച്. സുധീർഖാനുമാണ് രംഗത്തുള്ളത്. എൻഡിഎ സ്ഥാനാർത്ഥിയും ഒപ്പം വിമതരും മത്സരരംഗത്തുള്ളതോടെ ശക്തമായ ചതുഷ്കോണ മത്സരത്തിനാണ് വിഴിഞ്ഞം സാക്ഷ്യം വഹിക്കുന്നത്.
മലപ്പുറത്തെ പായിംപാടം, എറണാകുളത്തെ ഓണക്കൂർ എന്നീ വാർഡുകളിലും മുന്നണികൾ തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. മൂന്ന് വാർഡുകളിലും നാളെ രാവിലെ പത്ത് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ജസ്റ്റിൻ ഫ്രാൻസിസിന്റെ മരണത്തെത്തുടർന്നാണ് വിഴിഞ്ഞത്ത് തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടി വന്നത്. തലസ്ഥാന നഗരസഭയുടെ ഭരണം പൂർണ്ണ ആധിപത്യത്തോടെ കൊണ്ടുപോകാൻ ബിജെപിക്ക് ഈ വിജയം അനിവാര്യമാണ്.