6 പഞ്ചായത്തുകളിലെ മാറ്റിവച്ച അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്: എറണാകുളത്ത് UDF യോഗം നടക്കും | Presidential elections

ഇന്ന് ഭരണസമിതികൾ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Postponed presidential elections in 6 panchayats today
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ഗ്രാമപഞ്ചായത്തുകളിൽ മാറ്റിവെച്ച പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ ഇന്ന് നടക്കും. മുന്നണികളിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിച്ച സാഹചര്യത്തിൽ ഭൂരിഭാഗം ഇടങ്ങളിലും ഇന്ന് ഭരണസമിതികൾ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.(Postponed presidential elections in 6 panchayats today)

നെടുമുടിയിൽ സിപിഎം അംഗങ്ങൾക്കിടയിലെ തർക്കത്തെത്തുടർന്ന് മാറ്റിവെച്ച തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. പാർട്ടി തീരുമാനിച്ച സ്ഥാനാർത്ഥിക്കെതിരെ ഒരു വിഭാഗം രംഗത്തുവന്നത് പ്രതിസന്ധിയായിരുന്നുവെങ്കിലും ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിൽ പ്രശ്നം പരിഹരിച്ചു.

വീയപുരത്ത് യുഡിഎഫിന് ഭൂരിപക്ഷമുണ്ടെങ്കിലും പ്രസിഡന്റ് സ്ഥാനം ലഭിക്കില്ല. പട്ടികജാതി വനിതാ സംവരണമായ ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി പരാജയപ്പെട്ടിരുന്നു. യുഡിഎഫ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതോടെ 5 അംഗങ്ങളുള്ള എൽഡിഎഫിന് ഭരണം ലഭിക്കാനാണ് സാധ്യത.

തിരുവാലിയിൽ രണ്ടര വർഷം പ്രസിഡന്റ് പദവി വേണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം തർക്കത്തിനിടയാക്കിയിരുന്നു. എന്നാൽ ലീഗിന് വൈസ് പ്രസിഡന്റ് സ്ഥാനവും ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പദവിയും നൽകാൻ കോൺഗ്രസ് ധാരണയിലെത്തിയതോടെ ഇവിടെ യുഡിഎഫ് ഭരണം ഉറപ്പിച്ചു.

പുല്ലൂർ - പെരിയയിൽ യുഡിഎഫിലെ തർക്കം പരിഹരിച്ചു. ഉഷ എൻ നായർ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. ഇവിടെ എൽഡിഎഫിനും യുഡിഎഫിനും 9 അംഗങ്ങൾ വീതമാണുള്ളത്. എൻഡിഎയുടെ ഒരംഗത്തിന്റെ നിലപാട് നിർണ്ണായകമാകും. വെങ്ങോലയിൽ കഴിഞ്ഞ ദിവസം ക്വാറം തികയാത്തതിനെ തുടർന്ന് മാറ്റിവെച്ച തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. യുഡിഎഫ്-9, എൽഡിഎഫ്-8, ട്വന്റി 20-6 എന്നിങ്ങനെയാണ് കക്ഷിനില.

കൊച്ചി കോർപ്പറേഷനിലെയും നഗരസഭകളിലെയും ഭരണപരമായ കാര്യങ്ങളിൽ ധാരണയുണ്ടാക്കാൻ എറണാകുളം ജില്ലാ യുഡിഎഫ് യോഗം ഇന്ന് രാവിലെ 11-ന് ഡിസിസി ഓഫീസിൽ ചേരും. നഗരസഭകളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ തീരുമാനിക്കൽ, കൊച്ചി കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനം ലഭിക്കാത്തതിലുള്ള ലീഗിന്റെ പ്രതിഷേധം എന്നിവ മുന്നണി ചർച്ച ചെയ്യും. മേയർ തിരഞ്ഞെടുപ്പിൽ കെപിസിസി മാനദണ്ഡം ലംഘിക്കപ്പെട്ടെന്ന ദീപ്തി മേരി വർഗീസിന്റെ പരാതി ഉച്ചയ്ക്ക് ശേഷം ചേരുന്ന കോൺഗ്രസ് കോർ കമ്മിറ്റി ഗൗരവമായി പരിഗണിക്കും.

Related Stories

No stories found.
Times Kerala
timeskerala.com