കോഴിക്കോട് : താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയെ തുടർന്നാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.
ഓഗസ്റ്റ് പതിനാലിനായിരുന്നു അനയ മരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു മരണം. അനയയെ ആദ്യം പനിലക്ഷണങ്ങളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം.
അനയയുടെ മരണ കാരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്നായിരുന്നു ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിച്ചത്. എന്നാൽ, താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ മകൾക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. മകള്‍ക്ക് രോഗം സ്ഥിരീകരിച്ചതിലും മകളുടെ മരണത്തിലും തനിക്ക് സംശയമുണ്ടെന്നും പിതാവ് സനൂപ് അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഒക്ടോബർ എട്ടാംതീയതി സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിന്‍റെ തലയ്ക്ക് കൊടുവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. തലയോട്ടിയുടെ പുറമേയുള്ള ഭാഗത്താണ് ഡോ. വിപിന് പരിക്കേറ്റത്. മറ്റൊരു ഡോക്ടറെ ആക്രമിക്കാനായിരുന്നു സനൂപ് ലക്ഷ്യമിട്ടതെങ്കിലും ആളുമാറിയാണ് ഡോ. വിപിന് വെട്ടേറ്റതെന്നാണ് പുറത്തുവന്ന വിവരം.ഈ കേസിൽ സനൂപ് ജയിലിൽ തുടരുന്നതിനിടെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്.