പാലക്കാട്: അട്ടപ്പാടി കരുവാര ഉന്നതിയിൽ പാതിപണിത വീടിന്റെ സൺഷേഡ് തകർന്ന് വീണ് മരിച്ച രണ്ട് കുട്ടികളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് നടക്കും. അഗളി ആശുപത്രിയിലാണ് കുട്ടികളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു, പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.(Postmortem of children who died in house collapse in Attappadi today)
കരുവാര ഉന്നതിയിലെ അജയ് - ദേവി ദമ്പതികളുടെ മക്കളായ ആദി, അജ്നേഷ് എന്നിവരാണ് ഇന്നലെ ദാരുണമായി മരിച്ചത്. ഇവരുടെ ബന്ധുവായ 6 വയസ്സുള്ള അഭിനയയ്ക്ക് അപകടത്തിൽ പരിക്കേറ്റു. അഭിനയ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
മുക്കാലിയിൽ നിന്ന് നാല് കിലോമീറ്റർ വനത്തിനകത്തുള്ള ഊരിലാണ് അപകടം നടന്ന വീട് സ്ഥിതി ചെയ്യുന്നത്. കുട്ടികളുടെ വീടിന് തൊട്ടടുത്തുള്ള, എട്ട് വർഷമായി ഉപയോഗശൂന്യമായി കിടന്നിരുന്ന ഒരു വീടാണിത്. മേൽക്കൂരയില്ലാത്ത ഈ വീടിൻ്റെ സൺഷേഡ് മഴ നനഞ്ഞും വെയിൽ കൊണ്ടും ദുർബലമായ അവസ്ഥയിലായിരുന്നു.
സ്‌കൂൾ അവധിയായിരുന്നതിനാൽ ഇവിടെ കളിക്കാനെത്തിയ കുട്ടികൾ സ്ഥിരമായി ചെയ്തിരുന്നതുപോലെ വീടിൻ്റെ സൺഷേഡിൽ കയറി കളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഭാരം താങ്ങാനാവാതെ സൺഷേഡ് തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട കുട്ടികളെ വനം വകുപ്പിൻ്റെ ജീപ്പിലാണ് ഉടൻ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം കോട്ടത്തറ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്.