പാലക്കാട്: ഡി.സി.സി ഓഫീസിന് മുന്നിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ജില്ലാ പ്രസിഡന്റ് എ. തങ്കപ്പനെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പാലക്കാട് എസ്.പിക്ക് കോൺഗ്രസ് പരാതി നൽകി. പാർട്ടിയെയും പ്രസിഡന്റിനെയും അപകീർത്തിപ്പെടുത്താൻ എതിർ രാഷ്ട്രീയ ചേരിയിലുള്ളവർ നടത്തിയ ഗൂഢാലോചനയാണിതെന്ന് പരാതിയിൽ പറയുന്നു.(Poster protest against DCC President, Congress files complaint with police)
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എ. തങ്കപ്പനെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ഹൈക്കമാൻഡ് പ്രതിനിധി ദീപദാസ് മുൻഷിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് "സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുത്" എന്ന വാചകങ്ങളോടെ പോസ്റ്ററുകൾ ഉയർന്നത്.
സാധാരണ വെള്ളപ്പേപ്പറിൽ പേന കൊണ്ട് എഴുതിയ നിലയിലാണ് ഇവ കണ്ടെത്തിയത്. ഡി.സി.സി പ്രസിഡന്റിനെ അധിക്ഷേപിക്കുന്ന വാക്കുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.