കോവളം: പൂവാർ വലിയ പാലത്തിന് സമീപം അഴിഭാഗത്ത് പ്രവർത്തിച്ചിരുന്ന ‘പഞ്ചാബി ധാബ’ എന്ന ഫ്ലോട്ടിങ് റസ്റ്റോറന്റ് തീപിടിത്തത്തിൽ പൂർണ്ണമായും നശിച്ചു (Poovar Floating Restaurant Fire). ലീല റസ്റ്റോറന്റ് ഉടമ ബിനിൽ രാജിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. തിങ്കളാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് കരുതുന്നു.
രാവിലെ 6.20-ഓടെ വിവരമറിഞ്ഞ പൂവാർ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. വലിയ പാലത്തിന് സമീപമായതിനാൽ സേനയുടെ മോട്ടോർ ടാങ്ക് യൂണിറ്റ് അപകടസ്ഥലത്തേക്ക് എത്തിക്കാൻ സാധിച്ചില്ല. തുടർന്ന് ഉദ്യോഗസ്ഥർ ബോട്ടിൽ സ്ഥലത്തെത്തി ഫ്ലോട്ട് പമ്പ് ഉപയോഗിച്ചാണ് തീയണച്ചത്. റസ്റ്റോറന്റിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകൾ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി.
അപകടസമയത്ത് ജീവനക്കാർ ആരും റസ്റ്റോറന്റിൽ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൂവാർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. സംഭവത്തിൽ കേസെടുക്കുമെന്ന് പൂവാർ എസ്.എച്ച്.ഒ അറിയിച്ചു.
സീനിയർ ഫയർ ഓഫീസർ കെ. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Story Summary:
A floating restaurant named ‘Punjabi Dhaba’ at Poovar near Kovalam was completely destroyed in a fire on Monday early morning. The fire broke out around 6 AM, and gas cylinders stored inside reportedly exploded. Firefighters from Poovar reached the spot by boat and used float pumps to extinguish the fire as the fire engine could not access the area. No casualties were reported as no staff were present at the time. A short circuit is suspected to be the cause.

