
തിരുവോണ നാളിലെ പൂക്കളത്തിൽ തൃക്കാക്കരയപ്പനെ വരവേല്‍ക്കാന്‍ പൂവടയും ഉണ്ടാക്കി വയ്ക്കുന്നു. ഈ പൂവട തൃക്കാക്കരയപ്പനു നേദിച്ച ശേഷമാണ് ഓണാഘോഷം ആരംഭിക്കുന്നത്. ഈ പൂവട തന്നെയാണ് ഓണദിനത്തിലെ പരമ്പരാഗത പ്രാതൽ വിഭവവും.
വാഴയിലക്കീറിൽ അരിപ്പൊടി കുഴച്ചുണ്ടാക്കിയ മാവു പരത്തി ഉള്ളിൽ ശർക്കരയും തേങ്ങയും നിറച്ചു വേവിച്ചാണ് പൂവട തയാറാക്കുന്നത്. നേദിക്കാനുള്ള അട അരിമാവു തൂകി അലങ്കരിച്ച തൃക്കാക്കരയപ്പന് അരികിലായി വയ്ക്കുന്നു. പൂവടയ്ക്കു മുകളില്‍ തുമ്പപ്പൂവും തെച്ചിപ്പൂവും വിതറി പൂജിച്ച ശേഷം കുരവയിടുന്നതോടെ തൃക്കാക്കരയപ്പന്റെ നൈവേദ്യം പൂർണമാകുന്നു.
പൂവട ചുട്ടും ആവിയിൽ വേവിച്ചും തയാറാക്കാറുണ്ട്. പ്രാദേശിക ഭേദമനുസരിച്ചു പൂവടയിൽ നിറയ്ക്കുന്ന തേങ്ങാക്കൂട്ടിലും വ്യത്യാസം വരാറുണ്ട്. ചിലയിടങ്ങളിൽ തേങ്ങയും ശർക്കരയും കുഴച്ചതാണെങ്കിൽ ചിലയിടത്ത് ശർക്കരക്ക് പകരം പഞ്ചസാര ചേർക്കും. ഏത്തപ്പഴം, അവൽ ഇങ്ങനെ തേങ്ങാക്കൂട്ടിനൊപ്പം മറ്റു ചേരുവകൾ ചേർത്തും ചിലയിടങ്ങളിൽ പൂവട തയാറാക്കാറുണ്ട്. രുചിയിൽ വ്യത്യാസങ്ങൾ വന്നാലും പൂവടയുടെ ഉദ്ദേശ്യം ഒന്നു മാത്രമാണ്. ആണ്ടിലൊരിക്കൽ ജനങ്ങളെ കാണാനെത്തുന്ന മഹാബലിയെ എതിരേൽക്കുക.