

മലപ്പുറം: പൊന്നാനി എരമംഗലത്ത് സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. എരമംഗലം ലോക്കൽ കമ്മിറ്റി ഓഫീസിന് കീഴിലുള്ള ഡി.വൈ.എഫ്.ഐ ഓഫീസിലാണ് അക്രമം നടന്നത്. സംഘർഷത്തിനിടെ പ്രവർത്തകർ ഓഫീസ് അടിച്ചുതകർക്കുകയും സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു.
ഓഫീസിനുള്ളിലുണ്ടായിരുന്ന ടി.വി, ബൾബുകൾ, മറ്റ് ഫർണിച്ചറുകൾ എന്നിവ അക്രമികൾ തകർത്തു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഓഫീസിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫ്രീസറും തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. പ്രദേശത്തെ മൂക്കുതല ഉത്സവത്തിനിടെ പ്രവർത്തകർക്കിടയിൽ ഉണ്ടായ തർക്കമാണ് ഓഫീസിനുള്ളിലെ സംഘർഷത്തിലേക്ക് നയിച്ചത്. ഉത്സവപ്പറമ്പിലെ വാക്കുതർക്കം പിന്നീട് പാർട്ടി ഓഫീസിലേക്ക് പടരുകയായിരുന്നു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി സി.പി.എം നേതൃത്വം രംഗത്തെത്തി. ഇത് രാഷ്ട്രീയപരമായ കാരണങ്ങളാൽ ഉണ്ടായ സംഘർഷമല്ലെന്നും ഉത്സവവുമായി ബന്ധപ്പെട്ട് പ്രാദേശികമായുണ്ടായ വ്യക്തിപരമായ തർക്കങ്ങളാണെന്നുമാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാട്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ പാർട്ടി തലത്തിൽ നടപടിയുണ്ടാകുമോ എന്ന് വ്യക്തമല്ല.