തിരുവനന്തപുരം: തലസ്ഥാന നഗരസഭയുടെ ഭരണത്തുടർച്ചയിൽ അതിനിർണ്ണായകമായ വിഴിഞ്ഞം വാർഡിൽ നാളെ വോട്ടെടുപ്പ് നടക്കും. ബിജെപിക്ക് കോർപ്പറേഷനിൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കുമോ അതോ ഇടതു-വലതു മുന്നണികൾ കരുത്തു തെളിയിക്കുമോ എന്നതാണ് രാജ്യം തന്നെ ഉറ്റുനോക്കുന്ന ഈ പോരാട്ടത്തിലെ പ്രധാന ചോദ്യം.(Polling in Vizhinjam tomorrow, Will BJP get an absolute majority?)
വിഴിഞ്ഞത്ത് മത്സരരംഗത്ത് 9 സ്ഥാനാർത്ഥികൾ ആണുള്ളത്. 13,000-ത്തിലധികം വോട്ടർമാരുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥി ജസ്റ്റിൻ ഫ്രാൻസിസിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ വോട്ടെടുപ്പ് മാറ്റിവച്ചത്.
വിഴിഞ്ഞത്തെ ഫലം ഓരോ രാഷ്ട്രീയ പാർട്ടിക്കും വ്യത്യസ്തമായ കാരണങ്ങളാൽ പ്രാധാന്യമർഹിക്കുന്നതാണ്. നിലവിൽ 101 അംഗ കോർപ്പറേഷനിൽ 50 സീറ്റുകളുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. വിഴിഞ്ഞത്ത് ബിജെപി സ്ഥാനാർത്ഥി സർവശക്തിപുരം ബിനു വിജയിച്ചാൽ പാർട്ടിക്ക് 51 സീറ്റുകളോടെ സ്വന്തം നിലയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പിക്കാം. കോർപ്പറേഷൻ ഭരണം പിടിച്ചെടുത്ത ആവേശം വിഴിഞ്ഞത്തും പ്രതിഫലിക്കുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ.
2015-ലും 2020-ലും സിപിഎം വിജയിച്ച സിറ്റിംഗ് വാർഡാണിത്. കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ട ഇടതുമുന്നണിക്ക് ഈ സീറ്റ് നിലനിർത്തുക എന്നത് അഭിമാന പോരാട്ടമാണ്. കരുത്തനായ പ്രാദേശിക നേതാവ് എൻ.എ. നൗഷാദാണ് ഇവിടെ എൽഡിഎഫിനായി മത്സരരംഗത്തുള്ളത്.
മുൻ ഹാർബർ വാർഡ് കൗൺസിലർ കെ.എച്ച്. സുധീർഖാനെ ഇറക്കി വാർഡ് തിരിച്ചുപിടിക്കാനാണ് യുഡിഎഫ് ശ്രമം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഭരണമാറ്റത്തിന് പിന്നിലെന്ന് ആരോപിച്ച് വോട്ട് ഉറപ്പിക്കാനാണ് കോൺഗ്രസ് നീക്കം.
ഇടതു-വലതു മുന്നണികൾക്ക് വലിയ വെല്ലുവിളിയാകുന്നത് സ്വന്തം പാളയത്തിൽ നിന്നുള്ള വിമത സ്ഥാനാർത്ഥികളാണ്. മുൻ കൗൺസിലറായ റഷീദ് സിപിഎം വിമതനായി രംഗത്തുണ്ട്. മുൻ യൂത്ത് കോൺഗ്രസ് നേതാവ് ഹിസാൻ ഹുസൈൻ കോൺഗ്രസ് വിമതനായി മത്സരിക്കുന്നു.