തൃശൂർ: മറ്റത്തൂർ പഞ്ചായത്ത് ഭരണസമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം ബിജെപി പിന്തുണയോടെ അധികാരം പിടിച്ചെടുത്തതിനെതിരെ രാഷ്ട്രീയ ആയുധമാക്കി എൽഡിഎഫ്. കോൺഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ആരോപിച്ച് ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മറ്റത്തൂർ കോടാലിയിൽ എൽഡിഎഫ് ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിക്കും. ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി തോമസ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യും.(Political upheaval in Mattathur, LDF to organize public protest meeting today)
23 അംഗ ഭരണസമിതിയിൽ ആർക്കും കേവലഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് നാടകീയമായ നീക്കങ്ങൾ നടന്നത്. എൽഡിഎഫ്: 10, യുഡിഎഫ്: 8, ബിജെപി: 4, കോൺഗ്രസ് വിമതർ (സ്വതന്ത്രർ): 2 എന്നിങ്ങനെയാണ് നില.
തിരഞ്ഞെടുപ്പിൽ വിജയിച്ച എട്ട് കോൺഗ്രസ് അംഗങ്ങളും ബിജെപിയുമായി കൈകോർക്കുകയായിരുന്നു. കോൺഗ്രസിൽ നിന്ന് രാജിവെച്ച എട്ട് പേരുടെയും, ഒരു സ്വതന്ത്രന്റെയും, നാല് ബിജെപി അംഗങ്ങളുടെയും വോട്ട് നേടിയാണ് കോൺഗ്രസ് വിമത ടെസി ജോസ് പ്രസിഡന്റായത്. യുഡിഎഫ് അംഗമായിരുന്ന നൂർജഹാൻ നവാസ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.