സ്ഥാനാർത്ഥികൾക്കൊപ്പം തിരക്കിലാണ് പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കര | political psychologist

'വിജയത്തിന്റെ മനഃശാസ്ത്രം' പകർന്നുനൽകാൻ തിരക്കിട്ട പ്രവർത്തനങ്ങളിലാണ് അഡ്വ. അവനീഷ് കോയിക്കര
Political psychologist
Published on

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിക്കുമ്പോൾ സ്ഥാനാർത്ഥികളും മുന്നണികളും വോട്ടുറപ്പിക്കാൻ നെട്ടോട്ടമോടുകയാണ്. എന്നാൽ ഓടിനടന്ന് വോട്ട് ചോദിച്ചാൽ മാത്രം പോരാ, വോട്ടറുടെ മനസ്സ് കൂടി വായിച്ചറിയണം. ഈ ഘട്ടത്തിലാണ് കൊച്ചിയിൽ നിന്നുള്ള പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കരയുടെ സഹായം സ്ഥാനാർത്ഥികൾ തേടുന്നത്. തിരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നവർക്ക് 'വിജയത്തിന്റെ മനഃശാസ്ത്രം' പകർന്നുനൽകാൻ തിരക്കിട്ട പ്രവർത്തനങ്ങളിലാണ് ഇദ്ദേഹവും. (political psychologist)

പ്രശാന്ത് കിഷോറും സുനിൽ കനഗോലുവും ദേശീയ തലത്തിൽ തന്ത്രങ്ങൾ മെനയുമ്പോൾ, കേരളത്തിന്റെ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥികളെ വാർത്തെടുക്കുകയാണ് അഡ്വ. അവനീഷ്. ഒരു ജനപ്രതിനിധി എങ്ങനെ ജനമധ്യത്തിൽ പെരുമാറണം, വോട്ടർമാരുടെ മനശാസ്ത്രം എങ്ങനെ വായിച്ചെടുക്കാം, പ്രസംഗം എങ്ങനെ ജനമനസ്സിൽ തറയ്ക്കുന്നതാക്കാം, വോട്ടഭ്യർത്ഥിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സൂക്ഷ്മമായ കാര്യങ്ങൾ എന്തെല്ലാം... തുടങ്ങി ഒരു സ്ഥാനാർത്ഥിയെ പൂർണ്ണമായും സജ്ജമാക്കുന്നതാണ് പരിശീലന രീതി.

'പൊളിറ്റിക്കൽ മാസ്റ്ററി' എന്ന പേരിലാണ് സൂം പ്ലാറ്റ്ഫോമിലൂടെയുള്ള ഈ പരിശീലനം. കോൺഗ്രസിന്റെ മുൻ വിദ്യാർത്ഥി നേതാവായിരുന്ന അവനീഷ്, 2019-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശശി തരൂരിന്റെ നിർദ്ദേശപ്രകാരം പാർട്ടിയുടെ കേരളത്തിലെ വാട്സാപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചിരുന്നു. ഈ അനുഭവപരിചയമാണ് പിന്നീട് വിപുലമായ പരിശീലന പരിപാടിക്ക് അടിത്തറയായത്. വോട്ടേഴ്സ് റൈറ്റ്സ് ഫൗണ്ടേഷന്റെ നിർദ്ദേശാനുസൃതം ആരംഭിച്ച സൗജന്യ പരിശീലനത്തിൽ ഇതിനോടകം 2300-ലധികം പേർ കക്ഷിരാഷ്ട്രീയ ഭേദമന്യേ പങ്കെടുത്തിട്ടുണ്ട്. മികച്ച രാഷ്ട്രീയ പ്രവർത്തകർ ജനപ്രതിനിധികളായി വരണം എന്നതു മാത്രമാണ് ഇതിന് പിന്നിലെ ലക്ഷ്യം.

സുപ്രീം കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകനായിരിക്കുമ്പോഴും സൈക്കോലീഗൽ കൺസൾട്ടന്റ്, ഓർഗനൈസേഷണൽ സൈക്കോളജിസ്റ്റ്, മാസ്റ്റർ മൈൻഡ് ട്രെയിനർ എന്നീ നിലകളിലും അദ്ദേഹം സജീവമാണ്. നിയമത്തിൽ ബിരുദവും സൈക്കോളജി, മാനേജ്മെന്റ്, ജേണലിസം എന്നിവയിൽ ബിരുദാനന്തര ബിരുദവുമുള്ള അഡ്വ. അവനീഷ്, നിലവിൽ രാജസ്ഥാനിലെ ശ്രീധർ യൂണിവേഴ്സിറ്റിയിൽ 'തൊഴിലിട ആത്മീയത' എന്ന വിഷയത്തിൽ പിഎച്ച്ഡി ചെയ്യുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com