
തിരുവനന്തപുരം: രാസലഹരിക്കെതിരെ രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ചിറങ്ങണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലഹരിക്കെതിരെ വിപുലമായ ജനകീയ പ്രക്ഷോഭമാണ് ഉയർന്നുവരേണ്ടതെന്നും കേരളം പോലെ ഒരു സമൂഹത്തിന് നിശബ്ദമായിരിക്കാൻ കഴിയില്ലെന്നും ബിനോയ് വിശ്വം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. എല്ലാ വിഭാഗീയ ചിന്തകളും വെടിഞ്ഞ് ജനങ്ങളാകെ ഒന്നിക്കേണ്ട വേളയിൽ പാർട്ടിയുടേതായ എല്ലാ പങ്കും വഹിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി സജ്ജം ആയിരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
രാസ ലഹരിയുടെ പിന്നിൽ കേരളത്തിനകത്തും പുറത്തുമുള്ള വൻകിട സാമ്പത്തിക ശക്തികൾ സജീവമാണെന്ന് കാര്യം മറക്കരുത്. ലഹരിയുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും മനശാസ്ത്രപരവുമായ ഘടകങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള വിപുലമായ ജനകീയ പ്രക്ഷോഭമാണ് ഉയർന്ന വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.