കണ്ണൂര്‍: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട തന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രന്‍. മുസ്‌ലിം ലീഗിനെയും എസ്ഡിപിഐ- ജമാഅത്ത് കൂട്ടുകെട്ടിനേയും രാഷ്ട്രീയമായി വിമർശിച്ചതിനെ വളച്ചൊടിച്ചെന്ന് ഹരീന്ദ്രൻ വീഡിയോ സന്ദേശത്തിൽ പറയുന്നു.
മുസ്‌ലിം ലീഗിനെയും വർഗീയ സംഘടനകളെയും ശക്തമായി എതിർത്താൽ അത് മുസ്‌ലിം സമുദായത്തെ ആക്ഷേപിക്കുന്നതായി വ്യാഖ്യാനിക്കുന്ന ഏർപ്പാട് മതിയാക്കണം.വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന തരത്തില്‍ ഉണ്ടാക്കിയ ക്യാപ്‌സൂള്‍ മുസ്‌ലിം ലീഗ് ഏറ്റെടുക്കുകയായിരുന്നു. കുറേകാലമായി ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജൻ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ പ്രകടമാകുന്നത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണെന്നും എൽഡിഎഫ് സർക്കാരല്ല അധികാരത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഒരു കാരണവശാലും ഈ കേസ് ഇന്നെവിടെയും എത്തുമായിരുന്നില്ലെന്നും പി. ഹരീന്ദ്രൻ അവകാശപ്പെടുന്നു.
മുസ്‌ലിം ലീഗിനെയും എസ്ഡിപിഐ, ജമാ അത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള വര്‍ഗീയ സംഘടനകളെയും എതിര്‍ത്താല്‍ അത് മുസ്‌ലിം സമുദായത്തെ ആക്ഷേപിക്കുന്നതായി വ്യാഖ്യാനിച്ചുകൊണ്ടുള്ള ഏര്‍പ്പാട് മതിയാക്കണം. എല്‍ഡിഎഫ് അല്ല അധികാരത്തിലെങ്കില്‍ പാലത്തായി കേസ് ഇന്ന് എവിടെയും എത്തിയിട്ടുണ്ടാവില്ല. ഇതിന് മുമ്പും ഒരു സമുദായത്തില്‍പ്പെട്ട ഇരയും വേട്ടക്കാരനും ഉണ്ടായിട്ടുണ്ട്. ആ ഘട്ടത്തിലൊന്നും മുസ്‌ലിം ലീഗോ എസ്ഡിപിഐ ജമാ അത്തെ ഇസ്‌ലാമിയോ പ്രതിഷേധിച്ചിട്ടില്ല. മറിച്ച് അത്തരം സംഭവങ്ങള്‍ ഒതുക്കി തീര്‍ത്താനാണ് ശ്രമിച്ചതെന്ന് ഹരീന്ദ്രന്‍ പറഞ്ഞു.