
തൃശ്ശൂര്‍ : കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരന്‍ പിടിയിലായി. ഒല്ലൂര്‍ സ്‌റ്റേഷനിലെ ഗ്രേഡ് സിപിഒ സജീഷാണ് പിടിയിലായത്. 2000 രൂപയാണ് സജീഷ് കൈപ്പറ്റിയത്.വക്കീൽ ഗുമസ്തനായ പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്.
തൃശ്ശൂർ ഒല്ലൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു ആക്സിഡന്റ് കേസിലെ സിഡി ഫയൽ സീനിയർ സിവിൽ പൊലീസ് ഓഫീസറായ എ സജീഷ് ആയിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഈ കേസിൽ തമിഴ്‌നാട് തമിഴ്‌നാട് സ്വദേശികളുടെ പരിചയക്കാരനായ യേശുദാസ് എന്ന വ്യക്തിയില്‍ നിന്നാണ് ചെയ്തുതരുന്ന സഹായത്തിന് 2000 രൂപ നല്‍കണമെന്ന് സജീഷ് ആവശ്യപ്പെട്ടത്.
യേശുദാസ് ചൊവ്വാഴ്ച രേഖകളുടെ പകർപ്പിന് വേണ്ടി സജീഷിനെ ഫോണിൽ വിളിച്ചപ്പോൾ ബുധൻ ഉച്ച കഴിഞ്ഞ് ഒല്ലൂർ പൊലീസ് സ്റ്റേഷന് പുറത്ത് എത്തിയ ശേഷം വിളിക്കണമെന്നും കൈക്കൂലി നൽകണമെന്നും ആവശ്യപ്പെട്ടു.
കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്പര്യമില്ലാത്ത യേശുദാസ് ഈ വിവരം തൃശ്ശൂർ വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടർന്ന് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിനുള്ളിൽ വച്ച് യേശുദാസിൽ നിന്നും 2,000രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഉദ്യോഗസ്ഥനെ വിജിലൻസ് സംഘം പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.