തിരുവനന്തപുരം : വെഞ്ഞാറമ്മൂട്ടിൽ പോലീസ് വാഹനവും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. ചടയമംഗലം സ്വദേശി ഉണ്ണികൃഷ്ണനാണ് (40) പരിക്കേറ്റത്. എംസി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു അപകടം നടന്നത്.
വെഞ്ഞാറമ്മൂട് ഭാഗത്തു നിന്നും കാരേറ്റ് ഭാഗത്തേയ്ക്ക് വരുകയായിരുന്ന പോലീസ് വാഹനവും എതിർദിശയിൽ നിന്നും വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസ് വാഹനത്തിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇവര്‍ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് അരോപിച്ച് നാട്ടുകാർ ഇവരെ തടഞ്ഞുവച്ചു. തുടർന്ന് വെഞ്ഞാറമ്മൂട് പോലീസ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.