കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ കേന്ദ്രമായ ഫോർട്ട് കൊച്ചിയിൽ ലഹരി പാർട്ടികൾ തടയാൻ കടുത്ത നിയന്ത്രണങ്ങളുമായി പോലീസും എക്സൈസും. റിസോർട്ടുകൾ, പബുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കാൻ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചു. അനുമതിയില്ലാതെ നടത്തുന്ന നിശാപാർട്ടികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഫോർട്ട് കൊച്ചി പോലീസ് അറിയിച്ചു.(Police to shut down New Year's Eve drunken parties in Fort Kochi)
ലഹരി ഉപയോഗവും അനധികൃത പാർട്ടികളും കണ്ടെത്താൻ പോലീസും എക്സൈസും സംയുക്തമായി പരിശോധന നടത്തും. ഈ മാസം 31 വരെ ഫോർട്ട് കൊച്ചിക്ക് പുറത്തുനിന്ന് എത്തുന്നവരെയും സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെയും നിരീക്ഷിക്കും. താമസസ്ഥലങ്ങളിൽ ലഹരി വിരുന്നുകൾ സംഘടിപ്പിക്കുന്നത് തടയാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പാപ്പാഞ്ഞിയെ കാണാനും പുതുവത്സരം ആഘോഷിക്കാനുമായി വിദേശികൾ അടക്കം പതിനായിരങ്ങളാണ് ഫോർട്ട് കൊച്ചിയിലേക്ക് ഒഴുകുന്നത്. വെളിച്ചം വിതറി നിൽക്കുന്ന മഴമരവും പാപ്പാഞ്ഞിയും സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്.