തിരുവനന്തപുരം : അതിജീവിതക്കെതിരായ സൈബർ ആക്രമണത്തിൽ റിമാന്റിലായ രാഹുൽ ഇൗശ്വറിന്റെ ടെക്‌നോപാർക്കിലെ ഓഫീസിൽ പൊലീസ് പരിശോധന നടത്തും. ഇതിനായി രാഹുലിനെ അന്വേഷണ സംഘം കസ്‌റ്റഡിയിൽ വാങ്ങും. ഇതിനുള്ള അപേക്ഷ ചൊവ്വാഴ്‌ച കോടതിയിൽ സമർപ്പിച്ചേക്കും. ടെക്‌നോപാർക്കിൽ തനിക്ക് ഓഫീസ് ഉണ്ടെന്ന് കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ രാഹുൽ ഇൗശ്വർ വെളിപ്പെടുത്തിയിരുന്നു.രാഹുലിന്റെ ലാപ്‌ടോപ്പിൽ നിന്ന് കണ്ടെടുത്ത യുവതിയുടെ ചിത്രവും വീഡിയോയും കൂടുതൽ ശാസ്‌ത്രീയ പരിശോധനക്ക് വിധേയമാക്കാൻ ഹാർഡ് ഡിസ്‌ക് പൊലീസ് ഫോറൻസിക് പരിശോധനക്ക് അയക്കും.
അതേസമയം, രാഹുലിനെതിരായ പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ചായിരുന്നു ജാമ്യാപേക്ഷ കോടതി തള്ളിയത്. രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. രാഹുല്‍ ഈശ്വറിന് ജാമ്യം നല്‍കിയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി പ്രോസിക്യൂഷന്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രതിക്കെതിരെ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലും എറണാകുളം സിറ്റി പൊലീസ് സ്റ്റേഷനിലും അടക്കം കേസുകളുണ്ട്.
പ്രതി നിയന്തരം സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ്. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. കേസില്‍ തുടരന്വേഷണം ആവശ്യമുണ്ട്. പ്രതി ഒളിവില്‍ പോകാനുള്ള സാധ്യയുണ്ട്. പ്രതി കുറ്റം ചെയ്യുന്നതില്‍ മറ്റ് ഇലക്ട്രോണിക് ഡിവൈസ് ഉപയോഗിച്ചോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. ഇതിന് തുടരന്വേഷണം അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. രാഹുലിനെതിരായ കുറ്റം നിസാരമായി കാണാൻ കഴിയില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു.