തിരുവനന്തപുരം: പ്രസവിച്ച് മൂന്നാം ദിവസം യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. മരിച്ച ശിവപ്രിയയുടെ സഹോദരൻ ശിവപ്രസാദിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്. എസ്എടി ആശുപത്രിയിലെ അധികൃതരുടെയടക്കം മൊഴി രേഖപ്പെടുത്തും.
എസ്എടി ആശുപത്രിയിൽ പ്രസവത്തിനു പിന്നാലെയുള്ള ചികിത്സാ പിഴവിനെ തുടർന്ന് അണുബാധയേറ്റാണ് ശിവപ്രിയ (26) മരിച്ചതെന്ന് ആരോപിച്ചായിരുന്നു ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം. കഴിഞ്ഞ മാസം 22നായിരുന്നു എസ്എടി ആശുപത്രിയിൽ ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി വിട്ട ഇവർ പനിയെ തുടർന്ന് 26ന് വീണ്ടും ആശുപത്രിയിൽ അഡ്മിറ്റായി. പിന്നീട് നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ നടത്തിയ ബ്ലഡ് കൾചറിൽ അണുബാധ കണ്ടെത്തി. തുടർന്ന് ഐസിയുവിലേക്കു മാറ്റിയെങ്കിലും ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു. എസ്എടി ആശുപത്രിയിൽ നിന്നാണ് ശിവപ്രിയയ്ക്ക് അണുബാധയുണ്ടായതെന്നും ചികിത്സാപ്പിഴവ് സംഭവിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം.